ശക്തമായ കാറ്റ് വീശുന്നത് റോഡുകളില്‍ ദൂരക്കാഴ്ച കുറയുന്നതിന് കാരണമാകും. വ്യാഴാഴ്ച പുറപ്പെടുവിച്ച പ്രത്യേക അറിയിപ്പിലാണ് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അസ്ഥിരമായ കാലാവസ്ഥ പ്രതീക്ഷിക്കുന്നതായി മുന്നറിയിപ്പ് നല്‍കിയത്.

ദുബൈ: ഇന്ന് മുതല്‍ യുഎഇയില്‍ ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും പ്രതീക്ഷിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി അധികൃതര്‍. മാര്‍ച്ച് എട്ട് വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെയാണ് മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുള്ളത്.

വെള്ളിയാഴ്ച വൈകിട്ട് മുതല്‍ ഞായറാഴ്ച ഉച്ച വരെ കനത്ത മഴയും ഇടിയും ആലിപ്പഴ വര്‍ഷവും പ്രതീക്ഷിക്കുന്നതായി അധികൃതര്‍ അറിയിച്ചു. ശക്തമായ കാറ്റ് വീശുന്നത് റോഡുകളില്‍ ദൂരക്കാഴ്ച കുറയുന്നതിന് കാരണമാകും. വ്യാഴാഴ്ച പുറപ്പെടുവിച്ച പ്രത്യേക അറിയിപ്പിലാണ് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അസ്ഥിരമായ കാലാവസ്ഥ പ്രതീക്ഷിക്കുന്നതായി മുന്നറിയിപ്പ് നല്‍കിയത്. ന്യൂനമര്‍ദ്ദം ശക്തമാകുന്ന സാഹചര്യത്തിലാണ് കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതായി അറിയിച്ചത്. 

അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും കഴിവതും വീടുകളില്‍ തന്നെ തുടരണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. വെള്ളം നിറയുന്ന വാദികളില്‍ നിന്നും മറ്റ് അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും ദേശീയ ദുരന്ത നിവാരണ സമിതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആലിപ്പഴം വീഴാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി പാർക്ക് ചെയ്യണമെന്നും വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. 

Read Also - മലയാളികളെ മാടിവിളിച്ച് ജര്‍മ്മനി; പ്ലസ് ടു കഴിഞ്ഞവര്‍ക്ക് സൗജന്യ പഠനവും തൊഴിലവസരവും, ഇപ്പോൾ അപേക്ഷിക്കാം

ഇന്ന് മുതല്‍ ഇടിയോടു കൂടിയ കനത്ത മഴ തുടങ്ങും. നാളെ അർധരാത്രി വരെ കാലാവസ്ഥ മോശമായി തുടരും. അൽ ദഫ്ര, അൽ ഐൻ മേഖലയിലാണ് ആദ്യം മഴ എത്തുക. പിന്നീട് അബുദാബിയിലും അതിനു ശേഷം ദുബായിലേക്കും വ്യാപിക്കും. വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിലോ താഴ്‌വാരങ്ങളിൽ മലയോരങ്ങളിലോ വാഹനം പാർക്ക് ചെയ്യരുത്. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ രാജ്യം സജ്ജമാണെന്നും അധികൃതര്‍ വ്യക്തമാക്കി. 

അസ്ഥിര കാലാവസ്ഥയിൽ സുരക്ഷിതമല്ലാത്ത പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ പിഴ ചുമത്താനും തീരുമാനിച്ചു. മഴ പെയ്യുമ്പോൾ വാദികളിൽ കുളിക്കുക, താഴ്‌വാരങ്ങളിൽ വാഹനമോടിക്കുക, ഡാമുകളിലും വെള്ളപ്പൊക്ക പ്രദേശങ്ങളിലും കാഴ്ചക്കാരായി പോവുക തുടങ്ങിയ കാര്യങ്ങൾ ഗുരുതര കുറ്റമായി കണക്കാക്കും, 1000 ദിർഹം വരെ പിഴ ലഭിക്കും. വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ സാഹസിക പ്രകടനം നടത്തുന്നവർക്ക് 2000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റും ലഭിക്കുന്നതിനു പുറമെ രണ്ടു മാസത്തേക്കു വാഹനം പിടിച്ചെടുക്കുകയും ചെയ്യും.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം