മസ്കത്ത്: ന്യൂനമർദത്തിന്റെ ഫലമായി ഒമാനിൽ ചൊവാഴ്ച മുതൽ പെയ്തു തുടങ്ങിയ മഴ ഇന്നും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ പെയ്ത കനത്ത മഴയിൽ രൂപപ്പെട്ട വെള്ളപ്പൊക്കത്തിലും വെള്ളപ്പാച്ചിലുകളിലും കനത്ത നാശനഷ്ടങ്ങളുണ്ടായി. ബാത്തിന, ദാഖിലിയ, മസ്കത്ത്, ശർഖിയ ഗവർണറേറ്റുകളുടെ വിവിധ ഭാഗങ്ങളിലാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ മഴ പെയ്തത്.

ഗതാഗതക്കുരുക്കുകൾ ഒഴിവാക്കുവാൻ ചില പ്രധാന റോഡുകളിലൂടെയുള്ള വാഹന ഗതാഗതം രാത്രിയോടെ നിർത്തിവെച്ചു. ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിലും ഒറ്റപ്പെട്ട ശക്തമായ  മഴ പെയ്തു. റുസ്താഖിലെ വാദി ഹൊഖയ്നിൽ 15 വയസ്സുകാരനെ ഒഴുക്കിൽപെട്ട് കാണാതായതായും  സിവിൽ ഡിഫൻസ് അറിയിച്ചു. ബാലനുവേണ്ടി വ്യാഴാഴ്ച വൈകുന്നേരം വരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വെള്ളിയാഴ്ച തെരച്ചിൽ വീണ്ടും പുനരാരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.