യുഎഇയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ അതിശക്തമായ മഴയും കാറ്റുമുണ്ടായി. തിങ്കളാഴ്‍ച ദുബൈയില്‍ പൊടിക്കാറ്റിനെ തുടര്‍ന്ന് അധികൃതര്‍ പ്രത്യേക മുന്നറിയിപ്പ് നല്‍കി.

ദുബൈ: യുഎഇയുടെ (UAE) വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്‍ച കനത്ത മഴയും ആലിപ്പഴ വര്‍ഷവുമുണ്ടായി. പര്‍വത പ്രദേശങ്ങളില്‍‌ നിന്നും താഴ്‍വരകളില്‍ ഒഴിഞ്ഞുനില്‍ക്കണമെന്ന് ദുബൈ പൊലീസ് (Dubai Police) പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ദുബൈയിലും പരിസര പ്രദേശങ്ങളിലും കനത്ത പൊടിക്കാറ്റടിച്ചു. 

Scroll to load tweet…

രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ അതിശക്തമായ മഴയും കാറ്റുമുണ്ടായെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. ദൂരക്കാഴ്‍ച തടസപ്പെടുന്നതിന് പുറമെ മരങ്ങളും ഉറപ്പില്ലാത്ത നിര്‍മിതികളും നിലം പതിക്കുക വഴി അപകടങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പുലര്‍ത്തണമെന്നും അറിയിപ്പില്‍ പറയുന്നു. ഫുജൈറ, ഖോര്‍ഫുക്കാന്‍, കല്‍ബ, ഹത്ത എന്നിവിടങ്ങളിലും മഴയുണ്ടായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ നിരവധിപ്പേര്‍ രാജ്യത്തെ മഴയുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്‍ച ഫുജൈറയിലുണ്ടായ വെള്ളപ്പാച്ചിലില്‍ അകപ്പെട്ട് 65 വയസുകാരനായ സ്വദേശി മരണപ്പെട്ടിരുന്നു. അതേസമയം തിങ്കളാഴ്‍ച രാവിലെയുണ്ടായ പൊടിക്കാറ്റിനെ തുടര്‍ന്ന് ദുബൈയിലും പരിസര പ്രദേശങ്ങളിലും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലെര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. 

Scroll to load tweet…