മോശം കാലാവസ്ഥ പരിഗണിച്ച് യുഎഇയില്‍ സ്കൂളുകള്‍ക്ക് ഇന്ന് അവധി. വിദ്യാര്‍ത്ഥികളുടെ സുരക്ഷ പരിഗണിച്ചാണ് തീരുമാനം.
അബുദാബി: കാലാവസ്ഥാ വ്യതിയാനവും ശക്തമായ മഴയ്ക്കുള്ള സാധ്യതയും കണക്കിലെടുത്ത് യുഎഇയിലെ ഭൂരിഭാഗം സ്കൂളുകളും ഇന്ന് അടച്ചിട്ടു. സ്കൂളുകള്‍ക്ക് ഇന്ന് അവധി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരുന്നു. ചൊവ്വാഴ്ച ട്വിറ്ററിലൂടെയാണ് സ്കൂളുകള്‍ക്ക് അവധി നല്‍കുന്ന വിവരം മന്ത്രാലയം അറിയിച്ചത്.
മോശമായ കാലാവസ്ഥയില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ പരിഗണിച്ചാണ് അവധി നല്‍കിയതെന്നും ട്വീറ്റില്‍ പറയുന്നു. എന്നാല്‍ ദുബായില്‍ ചില സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചിരുന്നു. അബുദാബിയിലെ സ്കൂളുകളും അടച്ചിടുമെന്ന് അബുദാബി സര്‍ക്കാര്‍ ട്വിറ്ററില്‍ കുറിച്ചു. ഈ ആഴ്ച ഇടിമിന്നലോടു കൂടിയ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാജ്യത്ത് ചൂട് ക്രമാതീതമായി കുറയുമെന്നും ശക്തമായ കാറ്റ് വീശുമെന്നും കാലാവസ്ഥാ വകുപ്പ് കൂട്ടിച്ചേര്‍ത്തു.
