ദുബൈ, ഷാര്‍ജ, അബുദാബി, ഫുജൈറ, അല്‍ ദഫ്‌റ എന്നിവിടങ്ങളില്‍ മഴ ലഭിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ദുബൈ: ദുബൈയില്‍ ശക്തമായ മഴ. യുഎഇയുടെ വിവിധ ഭാഗങ്ങളിലും തിങ്കളാഴ്ച മഴ ലഭിച്ചു. യുഎഇയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ദേശീയ കാലാവസ്ഥാ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.
ദുബൈ, ഷാര്‍ജ, അബുദാബി, ഫുജൈറ, അല്‍ ദഫ്‌റ എന്നിവിടങ്ങളില്‍ മഴ ലഭിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അല്‍ ബര്‍ഷ, ദുബൈ ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്ക്, ജബല്‍ അലി, അബുദാബി-ദുബൈ റോഡ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ നല്ല മഴ പെയ്തു. ദുബൈയുടെ വിവിധ പ്രദേശങ്ങളില്‍ രാത്രിയും മഴ പെയ്യാനുള്ള സാധ്യതയുണ്ട്. കഴിവതും യാത്രകള്‍ ഒഴിവാക്കണമെന്നും അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അഭ്യര്‍ത്ഥിച്ചു. വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം. ഈ ആഴ്ച മുഴുവന്‍ വിവിധ സ്ഥലങ്ങളില്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. അന്തരീക്ഷ താപനിലയിലും കുറവുണ്ടാകും.
Read More - 'റെയിന്‍ഡീര്‍ വലിക്കുന്ന വിമാനം'; ക്രിസ്മസ് ആശംസയുമായി ദുബൈയുടെ എമിറേറ്റ്‌സ് എയര്‍ലൈന്‍
അതേസമയം ഖത്തറിന്റെ വിവിധ ഭാഗങ്ങളിലും ഇന്ന് മഴ ലഭിച്ചു. തിങ്കളാഴ്ച ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയാണ് പെയ്തത്. കാലാവസ്ഥാ വകുപ്പ് നേരത്തെ മഴ മുന്നറിയിപ്പ് നല്‍കിയിരുന്നു. ദോഹ, അല്‍ വക്‌റ, ലുസൈല്‍, ഉംസഈദ് എന്നിവിടങ്ങളിലെല്ലാം നല്ല മഴ പെയ്തു. വടക്ക്, പടിഞ്ഞാറന്‍ ഭാഗങ്ങളിലാണ് രാവിലെ മുതല്‍ മഴ പെയ്യുന്നത്. ചിലയിടങ്ങളില്‍ ഇടിയോടു കൂടി മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും വീശി.
മഴയ്ക്ക് പിന്നാലെ രാജ്യത്ത് തണുപ്പ് ശക്തമാകുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്നു മുതല്‍ വടക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതിനാല്‍ താപനിലയില്‍ കുറവുണ്ടാകും. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
Read More - മീന്‍ പിടിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ കണ്ണില്‍ കുരുങ്ങിയ ചൂണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
സൗദി അറേബ്യയുടെ ചില പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ മഴയും ആലിപ്പഴവര്‍ഷവും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. കിഴക്കന്‍ പ്രദേശങ്ങളിലും തബൂക്കിലെ തീരപ്രദേശങ്ങളിലും മഴ തുടരും. അസീര്‍, ജിസാന്‍ പ്രവിശ്യകളില്‍ ശക്തമായ കാറ്റു വീശാനും സാധ്യതയുണ്ട്. ആലിപ്പഴവര്‍ഷവുമുണ്ടാകും. മക്ക, മദീന, വടക്കന്‍ അതിര്‍ത്തികള്‍, അല്‍ ജൗഫ്, തബൂക്ക്, ഹായില്‍, അല്‍ ഖസീം, കിഴക്കന്‍, റിയാദ് പ്രവിശ്യകളുടെ വടക്കന്‍ ഭാഗങ്ങളിലും വരും ദിവസങ്ങളില്‍ താപനിലയില്‍ കുറവ് അനുഭവപ്പെടും.
