യുഎഇയില്‍ കനത്ത മഴ തുടരുന്നു, ജാഗ്രതാ നിര്‍ദ്ദേശം നൽകി പൊലീസ്
തിങ്കളാഴ്ച മുതല്‍ ബുധന്‍ വരെ യുഎഇയില്‍ അസ്ഥിര കാലാവസ്ഥ ആയിരിക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അബുദാബി: യുഎഇയില്‍ ശക്തമായ മഴ തുടരുന്നു. ചൊവ്വാഴ്ച രാവിലെയും യുഎഇയുടെ പല ഭാഗങ്ങളിലും ശക്തമായ മഴ ലഭിച്ചു. തിങ്കളാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ശക്തമായ മഴയും ഇടിയും മിന്നലുമുണ്ടായിരുന്നു.
തിങ്കളാഴ്ച മുതല്‍ ബുധന്‍ വരെ യുഎഇയില്‍ അസ്ഥിര കാലാവസ്ഥ ആയിരിക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. തിങ്കളാഴ്ച രാത്രി വൈകിയും ഷാര്‍ജയിലും അല്‍ ഐനിലും കനത്ത മഴയും ഇടിയും ആലിപ്പഴ വര്‍ഷവുമുണ്ടായിരുന്നു. വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. അസ്ഥിരമായ കാലാവസ്ഥയെ തുടര്‍ന്ന് ഏപ്രില്‍ 16 ചൊവ്വാഴ്ച ദുബൈയിലെ പാര്‍ക്കുകയും റിസോര്‍ട്ടുകളും അടച്ചിടും.
Read Also - 'രക്ഷപ്പെട്ടത് കാറിന്‍റെയും ഗാരേജിന്‍റെയും മുകളില്‍ കയറി'; ഒമാനിലെ മഴക്കെടുതിയില്‍ നിന്ന് രക്ഷപ്പെട്ട മലയാളി
അതേസമയം ഒമാനിൽ കനത്ത മഴയെ തുടർന്ന് ഒരു മലയാളിയും മരണപ്പെട്ടിരുന്നു. അടൂർ കടമ്പനാട് സ്വദേശി സുനിൽകുമാർ ആണ് ജോലിസ്ഥലത്ത് വെച്ച് മതിലിടിഞ്ഞ് വീണ് മരിച്ചത്. ന്യൂനമർദത്തിന്‍റെ സ്വാധീനം നിലനിൽക്കുന്ന ഒമാനിൽ വിവിധ ഗവർണറേറ്റുകളിൽ ശക്തമായ മഴയാണ് ലഭിച്ചത്.മഴ ശക്തമായതിനെ തുടർന്ന് ഒഴുക്കില്‍പ്പെട്ട് കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കാണാതായ എട്ടുപേരില്‍ നാലു പേര്‍ കുട്ടികളാണെന്നും സിവില്‍ ഡിഫന്‍സ് ആന്‍റ് ആംബുലന്‍സ് വിഭാഗം അറിയിച്ചിട്ടുണ്ട്.
മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ ഒമാനിൽ സ്‌കൂളുകൾക്ക് ഏപ്രിൽ 16ന് അവധിയായിരിക്കുമെന്ന് അറിയിപ്പ് പുറത്ത് വന്നിട്ടുണ്ട്. എന്നാൽ, ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകൾക്ക് ഈ തീരുമാനം ബാധകമല്ല.