ഇന്നത്തെ വിമാന യാത്രക്കാര്‍ അതാത് വിമാന കമ്പനികളുമായി ബന്ധപ്പെട്ട് സമയക്രമം വീണ്ടും പരിശോധിച്ച ശേഷം മാത്രമെ വിമാനത്താവളത്തിലേക്ക് എത്താവൂ എന്ന് ജിദ്ദ എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചിട്ടുണ്ട്.

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ ശക്തമായ മഴയെ തുടര്‍ന്ന് അണ്ടര്‍പാസുകള്‍ അടച്ചു. യാത്രക്കാര്‍ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് മക്ക ഗവര്‍ണറേറ്റ് ദുരന്ത നിവാരണ സമിതി അറിയിച്ചു. അല്‍സലാം, അല്‍അന്ദുലുസ്, അല്‍സാരിയ, കിങ് അബ്ദുല്ല റോഡില്‍ നിന്ന് മദീന റോഡിലേക്ക് തിരിയുന്ന ഭാഗം, കിങ് അബ്ദുല്ല റോഡില്‍ നിന്ന് കിങ് ഫഹദ് റോഡിലേക്ക് തിരിയുന്ന ഭാഗം, അമീര്‍ മാജിദ് റോഡും ഫലസ്ഥീന്‍ റോഡും ബന്ധിക്കുന്ന ഭാഗം, അമീര്‍ മാജിദ് റോഡും ഹിറാ റോഡും ബന്ധിക്കുന്ന ഭാഗം എന്നിവിടങ്ങളിലെ അണ്ടര്‍പാസുകളാണ് അടച്ചത്.

Read More - കള്ളപ്പണം വെളുപ്പിക്കല്‍; പിടിയിലായ അഞ്ച് പ്രവാസികള്‍ക്ക് 20 വര്‍ഷം ജയില്‍ ശിക്ഷയും 500,000 റിയാല്‍ പിഴയും

മഴ തീരുന്നത് വരെ വീടുകളില്‍ തുടരണമെന്നും വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലൂടെയള്ള യാത്ര ഒഴിവാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. ഇന്നത്തെ വിമാന യാത്രക്കാര്‍ അതാത് വിമാന കമ്പനികളുമായി ബന്ധപ്പെട്ട് സമയക്രമം വീണ്ടും പരിശോധിച്ച ശേഷം മാത്രമെ വിമാനത്താവളത്തിലേക്ക് എത്താവൂ എന്ന് ജിദ്ദ എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചിട്ടുണ്ട്. മഴ മൂലം ഇതുവരെ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി. ജിദ്ദയിലെ 16 ഉപ നഗരസഭകളിലും ഫീല്‍ഡ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. വെള്ളം കയറിയ റോഡുകളില്‍ നിന്ന് വെള്ളം പമ്പ് ചെയ്ത് നീക്കുകയാണ്. അതേസമയം വൈകുന്നേരം വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ അറിയിപ്പ്. 

Read More-  നിയമലംഘകരെ കണ്ടെത്താന്‍ പരിശോധന; സൗദിയിൽ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 14,253 പ്രവാസികള്‍

സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ചില സ്‌കൂളുകള്‍ക്ക് ഇന്ന് (തിങ്കള്‍) അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളില്‍ നാളെ (തിങ്കള്‍) സ്‌കൂളുകള്‍ക്ക് അവധി ആയിരിക്കുമെന്ന് ജിദ്ദ വിദ്യാഭ്യാസ ഡയറക്ടറേറ്റ് വക്താവ് ഹമൂദ് അല്‍സഖീറാന്‍ അറിയിച്ചു. മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് കണക്കിലെടുത്താണ് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്. ഈ സ്‌കൂളുകളിലെ കുട്ടികള്‍ ഇന്ന് മദ്രസത്തി പ്ലാറ്റ്‌ഫോം വഴിയാകും ക്ലാസുകളില്‍ ഹാജരാകേണ്ടതെന്ന് അധികൃതര്‍ അറിയിച്ചു.