കനത്ത മഴയെ തുടര്‍ന്ന് പല റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇതോടെ അധികൃതര്‍ ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ ശക്തമായ മഴ. പ്രദേശത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടിയോട് കൂടിയ മഴയാണ് ജിദ്ദ നഗരത്തില്‍ പെയ്തത്. തിങ്കളാഴ്ച രാവിലെ ജിദ്ദ നഗരത്തിലെ എല്ലാ ഭാഗങ്ങളിലും കനത്ത മഴ ലഭിച്ചു. 

ഒരു മണിക്കൂര്‍ വരെ നീണ്ട മഴയെ തുടര്‍ന്ന് നഗരത്തിലെ പല റോഡുകളിലും വെള്ളക്കെട്ട് ഉണ്ടായി. പ്രദേശവാസികള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബുധനാഴ്ച വരെ മഴ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വടക്കന്‍ പ്രവിശ്യയില്‍ നിന്ന് മഴ അല്‍ഖസീം, റിയാദ്, കിഴക്കന്‍ പ്രവിശ്യ, അല്‍ബാഹ, അസീര്‍, മദീന, മക്ക എന്നിവിടങ്ങളിലുമെത്തും. അതേസമയം കനത്ത മഴയെ തുടര്‍ന്ന് വിമാനയാത്രക്കാര്‍ എയര്‍പോര്‍ട്ടിലേക്ക് പുറപ്പെടുന്നതിന് മുമ്പ് എയര്‍ലൈനുകളുമായി ബന്ധപ്പെട്ട് സമയം ഉറപ്പുവരുത്തണമെന്ന് ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം അറിയിച്ചു. ശക്തമായ മഴ മൂലം ചില വിമാന സര്‍വീസുകള്‍ വൈകിയേക്കും.

Read Also - ഖത്തറിൽ ഇന്ന് മുതൽ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ് നൽകി അധികൃതർ

തിങ്കളാഴ്ച രാവിലെ അഞ്ച് മുതൽ വൈകിട്ട് മൂന്ന് മണി വരെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജിദ്ദ നഗരത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. മഴയുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം