സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ. മക്ക, മദീന തുടങ്ങി നിരവധി പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്. ജനങ്ങൾ കനത്ത ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
റിയാദ്: ജിദ്ദ ഉൾപ്പെടെ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ പെയ്തു. ജിദ്ദ ഗവർണറേറ്റിന്റെ വിവിധ ഭാഗങ്ങളിലും സമീപ പ്രദേശങ്ങളിലും ശനിയാഴ്ച രാവിലെ ആരംഭിച്ച നേരിയ മഴ ഉച്ചയോടെ ശക്തി പ്രാപിക്കുകയായിരുന്നു. മദീന മേഖലയുടെ വിവിധ ഭാഗങ്ങളിലും നേരിയതും മിതമായതുമായ മഴ രേഖപ്പെടുത്തിയിട്ടുണ്ട്.
മക്ക, മദീന, ഹായിൽ, ഖസീം, വടക്കൻ അതിർത്തി മേഖല, കിഴക്കൻ പ്രവിശ്യയുടെ വടക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ജിസാൻ, അസീർ, അൽബാഹ മേഖലകളിലും സമാനമായ രീതിയിൽ മോശം കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം.
ചില പ്രദേശങ്ങളിൽ ശക്തമായ കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. അടിച്ചു വീശുന്ന കാറ്റിൽ പൊടിയും മണലും ഉയരുന്നതിനാൽ കാഴ്ചപരിധി ഗണ്യമായി കുറയാനും താഴ്വരകളിൽ മലവെള്ളപ്പാച്ചിലുണ്ടാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. തബൂക്ക്, തൈമ, അൽബാഹ, ഹായിൽ തുടങ്ങിയ പ്രദേശങ്ങളിലും മഴ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്.
റിയാദ് മേഖലയുടെ വടക്കൻ ഭാഗങ്ങളിലും തബൂക്ക്, അൽജൗഫ് എന്നിവിടങ്ങളിലും നേരിയതോ മിതമായതോ ആയ മഴ ലഭിച്ചേക്കും. ചിലയിടങ്ങളിൽ കനത്ത മൂടൽമഞ്ഞിനും സാധ്യതയുണ്ട്. മഴ കനക്കുന്ന സാഹചര്യത്തിൽ താഴ്വരകളിലും വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലും ഇറങ്ങരുതെന്നും ശക്തമായ ഒഴുക്കുള്ള വെള്ളത്തിലൂടെ വാഹനങ്ങൾ ഓടിച്ചു പോകരുതെന്നും സിവിൽ ഡിഫൻസ് ഉൾപ്പെടെയുള്ള അധികൃതർ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി.














