പ്രവാസികള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു.

ദുബൈ: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നു. ദുബൈ, ഷാര്‍ജ, അബുദാബി, അജ്‍മാന്‍, ഉമ്മുല്‍ ഖുവൈന്‍ എന്നിവിടങ്ങളിലെല്ലാം ചൊവ്വാഴ്ച മഴ പെയ്‍തു. കാലാവസ്ഥാ മാറ്റത്തില്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഓറഞ്ച്, യെല്ലോ അലെര്‍ട്ടുകളും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചു.

പ്രവാസികള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു. ദുബൈ, ഷാര്‍ജ അന്താരാഷ്‍ട്ര വിമാനത്താവളം, അജ്‍മാന്‍, ഉമ്മുല്‍ ഖുവൈന്‍ എന്നിവിടങ്ങളിലെല്ലാം മഴ ലഭിച്ചതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ദുബൈയിലും അജ്‍മാനിലും ഓറഞ്ച് അലെര്‍ട്ടും പ്രഖ്യാപിച്ചു. വിവിധ പ്രദേശങ്ങളില്‍ പ്രാദേശിക സമയം രാത്രി 10 മണി വരെ യെല്ലോ, ഓറഞ്ച് അലെര്‍ട്ടുകള്‍ നിലവിലുണ്ട്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടാവാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.

Scroll to load tweet…

വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദുബൈയിലും അബുദാബിയിലും അധികൃതര്‍ മുന്നറിയിപ്പ് നിര്‍ദേശങ്ങള്‍ നല്‍കി. ശ്രദ്ധാപൂര്‍വം വാഹനം ഓടിക്കണമെന്നും അനുവദനീയമായ വേഗപരിധി ലംഘിക്കരുതെന്നും ഗ്രീന്‍ സിഗ്നല്‍ ലഭിക്കുമ്പോള്‍ വാഹനങ്ങള്‍ പെട്ടെന്ന് മുന്നോട്ടെടുക്കരുതെന്നും ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റി പുറത്തിറക്കിയ നിര്‍ദേശങ്ങളില്‍ പറയുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ കാരണം ഗതാഗതം മന്ദഗതിയിലായെന്നും പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ ആഹ്വാനം അനുസരിച്ച് നവംബര്‍ 11ന് യുഎഇയില്‍ ഉടനീളമുള്ള പള്ളികളില്‍ മഴയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ നടന്നിരുന്നു. 

Read also: പ്രവാസികളെ വലച്ച് വായ്പാ തട്ടിപ്പ്; മലയാളികളുൾപ്പടെ നിരവധി ഇരകൾ, പലരും വിവരമറിയുന്നത് കേസാവുമ്പോള്‍ മാത്രം