അബുദാബി: യുഎഇയുടെ പല ഭാഗങ്ങളിലും വ്യാഴാഴ്ച ചെറിയതോതില്‍ മഴ ലഭിച്ചതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അതേസമയം വരും ദിവസങ്ങളിലും അപ്രതീക്ഷിതമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിട്ടുണ്ട്.
 

കാലാവസ്ഥാ മോശമാകാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. വാഹനം ഓടിക്കുന്നവര്‍ അതത് സമയങ്ങളിലെ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.  കനത്തമഴയും വെള്ളപ്പൊക്കവും ഉണ്ടാവുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച്  പ്രത്യേക അറിയിപ്പ് നല്‍കിയിട്ടുണ്ട്. പെട്ടെന്ന് വെള്ളം കയറുന്ന താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരും അത്തരം പ്രദേശങ്ങളിലൂടെ വാഹനം ഓടിക്കുന്നവരും കൂടുതല്‍ ശ്രദ്ധിക്കണം. പ്രധാനമായും അല്‍ഐന്‍, ഹത്ത, മസാഫി, ഫുജൈറ, റാസല്‍ഖൈമയിലെ പര്‍വ്വത പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ്  കൂടുതല്‍ മഴ ലഭിക്കുക. അബുദാബിയിലും അല്‍ സിലയിലും ഷാര്‍ജയിലെ അല്‍ഹിലോ പ്രദേശങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

ഔദ്ദ്യോഗിക വിവരങ്ങള്‍ അല്ലാത്ത വ്യാജ സന്ദേശങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്ന് റാസല്‍ഖൈമ പൊലീസ് മുന്നറിയിപ്പ് നല്‍കി.  അത്യാവശ്യ ഘട്ടങ്ങളില്‍ ഗതാഗതക്കുരുക്കുണ്ടായാല്‍ കൈകാര്യം ചെയ്യാന്‍ പൊലീസ് പട്രോള്‍ വര്‍ദ്ധിപ്പിക്കും. വാഹനം ഓടിക്കുന്നവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.