റിയാദ്: സൗദി അറേബ്യ പ്രഖ്യാപിച്ച ഓണ്‍ അറൈവല്‍ വിസ ഈ ഘട്ടത്തില്‍ ഇന്ത്യക്കാര്‍ക്ക് ലഭിക്കില്ലെങ്കിലും ഇ-വിസയ്ക്ക്  അപേക്ഷിക്കാനാവും. ഏറ്റവുമടുത്തുള്ള സൗദി എംബസിയുമായി ബന്ധപ്പെട്ടാണ് അതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. 300 റിയാലാണ് വിസാ ഫീസ്. ഇതിന് പുറമെ സൗദിയിലെ അംഗീകൃത ട്രാവല്‍ ഇന്‍ഷുറന്‍സ് എടുത്തിരിക്കണം.

18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വിസ ഫോറം വഴി അപേക്ഷ നല്‍കാം. 18 വയസിന് താഴെയുള്ളവരെ മുതിര്‍ന്ന ഒരാള്‍ക്കൊപ്പമേ സന്ദര്‍ക വിസയില്‍ രാജ്യത്തെത്താന്‍ അനുവദിക്കൂ. പാസ്‍പോര്‍ട്ടിന് ആറ് മാസമെങ്കിലും കാലാവധിയുണ്ടായിരിക്കണം.  സ്പോണ്‍സര്‍ ആവശ്യമില്ലെങ്കിലും റിട്ടേണ്‍ ടിക്കറ്റ്, ഹോട്ടല്‍ ബുക്കിങ് രേഖ, ബാങ്ക് സ്റ്റേറ്റ്മെന്റ്, തിരിച്ചറിയല്‍ രേഖ, തൊഴില്‍ രേഖ, നാട്ടിലെ വിലാസം എന്നിവയാണ് അപേക്ഷയോടൊപ്പം നല്‍കേണ്ടത്. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ വിസ ലഭ്യമാവും. സൗദി ടൂറിസം വകുപ്പിന്റെ വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്കിങ്, ഹോട്ടല്‍ ബുക്കിങ്, റെന്റ് എ കാര്‍ തുടങ്ങിയവയ്ക്ക് സൗകര്യമുണ്ടായിരിക്കും. മുസ്‍ലിംകള്‍ അല്ലാത്ത വിനോദസഞ്ചാരികള്‍ക്ക് മക്കയിലേക്കും മദീനയിലേക്കും പ്രവേശിക്കാനാവില്ല.  ഹജ്ജ് കാലത്ത് ഹജ്ജും ഉംറയും നിര്‍വഹിക്കാന്‍ ഈ വിസയിലെത്തുന്നവരെ അനുവദിക്കില്ല. എന്നാല്‍ മറ്റ് സമയങ്ങളില്‍ ഉംറ നിര്‍വഹിക്കുന്നതിന് തടസമില്ല.

സിംഗിള്‍ എന്‍ട്രി, മള്‍ട്ടിപ്പിള്‍ എന്‍ട്രി എന്നിങ്ങനെ രണ്ടുതരം വിസകളാണ് അനുവദിക്കുന്നത്. സിംഗിള്‍ എന്‍ട്രി വിസയില്‍ പരമാവധി 30 ദിവസം രാജ്യത്ത് തങ്ങാം. മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയ്ക്ക് 12 മാസമാണ് കാലാവധി. എന്നാല്‍ തുടര്‍ച്ചയായി രാജ്യത്ത് 90 ദിവസം വരെയേ തങ്ങാനാവൂ. പിന്നീട് നാട്ടിലേക്ക് മടങ്ങിയ ശേഷം ഒരിക്കല്‍ കൂടി അതേവിസയില്‍ തിരികെ വരാം. അപ്പോഴും 90 ദിവസമായിരിക്കും കാലാവധി.  വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തുടരുന്നവര്‍ ഓരോ ദിവസത്തേക്കും 100 റിയാല്‍ പിഴയടയ്ക്കേണ്ടിവരും.