റിയാദ്: ലോക എണ്ണ ഭീമൻ സൗദി അരാംകോയുടെ ഓഹരികൾ ആഭ്യന്തര വിപണിയിൽ എത്തിയതോടെ വാങ്ങിക്കൂട്ടാൻ ആളുകൾ തിരക്ക് കൂട്ടുന്നു. ഏറെ മലയാളികളും ഇക്കൂട്ടത്തിലുണ്ടെന്നതാണ് ശ്രദ്ധേയം. വീട്ടിലിരുന്ന് ഓൺലൈനിലൂടെ ഓഹരികള്‍ സ്വന്തമാക്കാനാവുമെന്നതാണ് ആളുകളെ പ്രചോദിപ്പിക്കുന്നത്. 

നാഷണൽ കോമേഴ്സ്യൽ ബാങ്ക് (എൻ.സി.ബി), സൗദി ബ്രിട്ടീഷ് ബാങ്ക് (സാബ്), സൗദി അമേരിക്കാൻ ബാങ്ക് (സാംബ), സൗദി ഇൻവെസ്റ്റ്മെൻറ് ബാങ്ക് (എസ്.ഐ.ബി), അറബ് നാഷണൽ ബാങ്ക് (എ.എൻ.ബി), ബാങ്ക് അൽബിലാദ്, ബാങ്ക് അൽഅവ്വൽ, റിയാദ് ബാങ്ക്, ബാങ്ക് അൽജസീറ, സൗദി ഫ്രാൻസി ബാങ്ക്, അൽരാജ്ഹി ബാങ്ക്, അൽഇൻമാ ബാങ്ക്, ഗൾഫ് ഇൻവെസ്റ്റ്മെന്റ് ബാങ്ക് എന്നിവയിൽ അക്കൗണ്ടുള്ളവർക്ക് ഓൺലൈനിലൂടെ പണമടച്ച് ഓഹരി അപേക്ഷ നൽകാം. ഓഹരി ഒന്നിന് 32 സൗദി റിയാലാണ് വില. കുറഞ്ഞത് 10 ഓഹരികളെങ്കിലും വാങ്ങണം. അതായത് കുറഞ്ഞത് 320 റിയാലെങ്കിലും മുടക്കണം. അങ്ങനെ 10 ഓഹരികളുള്ള സെറ്റ് എത്ര വേണമെങ്കിലും വാങ്ങാം. ബാങ്കുകളുടെ ഓൺലൈൻ പോർട്ടലിൽ ’ഇൻവെസ്റ്റ്’ എന്ന ടാബിലാണ് ഓഹരിക്ക് അപേക്ഷിക്കേണ്ടത്. ആ ടാബിലെ ഒപ്‌ഷൻനിൽ ഐ.പി.ഒ സർവീസ് തെരഞ്ഞെടുക്കണം. ആവശ്യമായ ഓഹരികളുടെ എണ്ണം നൽകിയാൽ പണം ട്രാൻസ്ഫറാകും. 

ഓൺലൈൻ ബാങ്കിങ് സംവിധാനം ഇല്ലാത്തവർക്ക് എ.ടി.എം വഴി ഓഹരിക്ക് അപേക്ഷിക്കാം. കാർഡ് സ്വൈപ്പ് ചെയ്തതിന് ശേഷം 'മറ്റ് സർവീസി'ൽ പോയാൽ ഐ.പി.ഒ സർവിസിലെത്താം. തുടർന്ന് സ്‌ക്രീനിൽ അരാംകോ ഓഹരി കാണിക്കുന്ന പേജ് കാണാം. വാങ്ങാൻ ഉദ്ദേശിക്കുന്ന  ഓഹരികളുടെ എണ്ണം നൽകിയാൽ ഒന്നിന് 32 റിയാൽ വെച്ചുള്ള ആകെ തുക സ്‌ക്രീനിൽ തെളിയും. മുന്നോട്ട് പോകാൻ അനുമതി നൽകുന്നതോടെ  അപേക്ഷാനടപടി പൂർത്തിയാകും. ഇതോടെ റഫറൻസ് നമ്പറും ആപ്ലിക്കേഷൻ സീക്വൻസ് നമ്പറും രേഖപ്പെടുത്തിയ ബാങ്ക് സ്ലിപ്പ് ലഭിക്കും. ഇതിന് ശേഷം അരാംകോ അപേക്ഷ സ്വീകരിച്ചാലും ഇല്ലെങ്കിലും മൊബൈൽ സന്ദേശം വഴി അറിയിക്കും. അപേക്ഷ തള്ളിയാൽ നിശ്ചിത ദിവസത്തിനകം പണം തിരികെ ലഭിക്കും. 
മൂന്ന് ശതകോടി ഓഹരികളാണ് ആദ്യ ഘട്ടത്തിൽ വിൽപനക്കുള്ളത്. വ്യക്തികൾക്ക് ഈ മാസം 28 വരെയും കമ്പനികൾക്ക് ഡിസംബർ നാല് വരെയും ഓഹരി അപേക്ഷ നൽകാം.