നഴ്സിംഗ് റിക്രൂട്ട്മെന്‍റ് തട്ടിപ്പ് കേസിലെ പ്രതി ഉതുപ്പ് വർഗീസിന് ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകിയ സെഷൻസ് കോടതി നടപടിക്ക് ഹൈക്കോടതിയുടെ വിമർശനം. 45 ദിവസം ഉതുപ്പ് വർഗീസിന് വിദേശത്തേക്ക് പോകാൻ അനുമതി നൽകിയത് വീണ്ടു വിചാരമില്ലാത്ത നടപടി ആയിപ്പോയെന്ന് ഹൈക്കോടതി നിരീക്ഷിച്ചു
കൊച്ചി: നഴ്സിംഗ് റിക്രൂട്ട്മെന്‍റ് തട്ടിപ്പ് കേസിലെ പ്രതി ഉതുപ്പ് വർഗീസിന് ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകിയ സെഷൻസ് കോടതി നടപടിക്ക് ഹൈക്കോടതിയുടെ വിമർശനം. 45 ദിവസം ഉതുപ്പ് വർഗീസിന് വിദേശത്തേക്ക് പോകാൻ അനുമതി നൽകിയത് വീണ്ടു വിചാരമില്ലാത്ത നടപടി ആയിപ്പോയെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ജാമ്യ വ്യവസ്ഥയിലെ ഇളവ് റദ്ദാക്കണമെന്ന എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും.
കുവൈറ്റിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യാനുള്ള രേഖകൾ തിരുത്തി 400 കോടിയോളം രൂപ തട്ടിയെടുത്തന്ന കേസിലായിരുന്നു കൊച്ചിയിലെ അൽ സറാഫ് റിക്രൂട്ട്മെന്റ് സ്ഥാപന ഉടമ ഉതുപ്പ് വഗീസിനെ നേരത്തെ സിബിഐ അറസ്റ്റ് ചെയ്തത്. തട്ടിപ്പിലൂടെ ലഭിച്ച 100 കോടിയോളം രൂപ ഹവാലയിലൂടെ വിദേശത്തേക്ക് കടത്തിയെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അന്വേഷണത്തിൽ കണ്ടെത്തിയരുന്നു. ഇന്‍റർപോളിന്‍റെ റേഡ്കോർണർ നോട്ടിസിലൂടെയാണ് ഉതുപ്പിനെ നാട്ടിലെത്തിച്ച് പിന്നീട് അറസ്റ്റ് ചെയ്തത്. 136 ദിവസത്തെ ജയിൽ വാസത്തിനൊടുവിൽ രാജ്യം വിടാൻ പാടില്ലെന്ന കർശന ഉപാധികളോടെയാണ് ഉതുപ്പ് വഗീസ് പുറത്തിറങ്ങുന്നത്. എന്നാൽ എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതി ഉതുപ്പ് വർഗീസിന്‍റെ ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകി. 45 ദിവസം യുഎഇ ലേക്ക് പോകുന്നതിനായിരുന്നു ഇളവനുവദിച്ചത്. ഇതനുസരിച്ച് ഉതുപ്പ് വിദേശത്തേക്ക് കടന്നു. ഇതിനെതിരെയാണ് എൻഫോഴ്സ്മെന്‍റ് ഹൈക്കോടതിയെ സമീപിച്ചത്. ഉതുപ്പ് വർഗീസിനെ തിരികെ പോകാൻ അനുവദിച്ചത് ശരിയായില്ലെന്നും വിചാരണ വൈകിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണെന്നുമായിരുന്നു എൻഫോഴ്സമെന്റ് വാദം. ഈ വാദത്തിനിടെയാണ് സെഷൻസ് കോടതി നടപടിയെ ഹൈക്കോടതി വിമർശിച്ചത്. എന്ത് അടിസ്ഥാനത്തിലാണ് ഉതുപ്പിന് ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകിയതെന്ന് ചോദിച്ച കോടതി വീണ്ടുവിചാരമില്ലാത്ത നടപടിയായിപ്പോയെന്നും കുറ്റപ്പെടുത്തി.
