Asianet News MalayalamAsianet News Malayalam

പ്രവാസികളെ വീടുകളിലേക്ക് അയ്ക്കാനാവില്ല; എന്തൊക്കെ സൗകര്യമൊരുക്കുമെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി

എതൊക്കെ രാജ്യങ്ങളിലുള്ള പ്രവാസികളുടെ കാര്യത്തിൽ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് കേന്ദ്ര സർക്കാറും മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി എന്തൊക്കെ നിരീക്ഷണ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാറും അറിയിക്കണം.

high court seeks affidavits from centre and kerala state on repatriation of expatriates from gulf countries
Author
Kochi, First Published Apr 21, 2020, 12:46 PM IST

കൊച്ചി: പ്രാവാസികള്‍ മടങ്ങിയെത്തിയാല്‍ അവരെ വീടുകളില്‍ നിരീക്ഷിക്കാനാവില്ലെന്നും എന്തൊക്കെ സൗകര്യങ്ങള്‍ അവര്‍ക്കായി ഒരുക്കിയിട്ടുണ്ടെന്നും അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.  പ്രവാസികളെ നാട്ടിലേക്ക് എത്തിക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ട്  ദുബായ്  കെ.എം.സി.സി സമർപ്പിച്ച ഹർജിയിലായിരുന്നു കോടതിയുടെ ആവശ്യം. അതേസമയം പ്രവാസികളെ ഇപ്പോള്‍ തിരിച്ചെത്തിക്കാനാവില്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചത്. 

ചികിത്സാ ആവശ്യങ്ങൾക്കെങ്കിലും പ്രവാസികളെ നാട്ടിലേക്ക് എത്തിക്കണമെന്നായിരുന്നു ഹർജിക്കാർ ആവശ്യപ്പെട്ടത്. അവിടെ ചികിൽസാ ചെലവുകൾ വളരെ കൂടുതലാണ്. മുൻഗണനാ ക്രമം നിശ്ചയിച്ച് അതിനനുസരിച്ച്  രാജ്യത്തേക്ക് വരാൻ അനുവദിച്ചാൽ മതിയെന്നും കെ.എം.സി സി ആവശ്യപ്പെട്ടു.  കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ സ്വീകരിച്ച നിലപാട് തെറ്റാണ്. ലോകമെമ്പാടുമുളള ഇന്ത്യാക്കാരെ കൊണ്ടുവരാൻ ആവശ്യപ്പെട്ടുളള ഹ‍ർജികളാണ് സുപ്രീംകോടതിയിൽ ഉളളതെന്ന് ഹർജിക്കാർ കോടതിയിൽ പറഞ്ഞു. കൊവിഡ് പ്രതിരോധത്തിൽ ഏറ്റവും മികച്ച നിലയിൽ പ്രവർത്തിച്ച സംസ്ഥാനത്തിന് അതിന്‍റെ ആനുകൂല്യം നൽകണം. ഗൾഫിലെ പ്രവാസികളുടെ കാര്യം മാത്രമാണ്  ആവശ്യപ്പെടുന്നതെന്നും കെഎംസിസി കോടതിയിൽ വ്യക്തമാക്കി. 


പ്രവാസികളെ എങ്ങനെ വേർതിരിക്കും എന്നായിരുന്നു കോടതിയുടെ ചോദ്യം. ചികിത്സാ സംബന്ധമായ അത്യാവശ്യങ്ങൾ, ടൂറിസ്റ്റ് വിസയിൽ പോയവര്‍ , ലേബർ ക്യാമ്പിൽ താമസിക്കുന്നവർ എന്നിങ്ങനെ വേർതിരിച്ച് മുൻഗണനാ ക്രമത്തിൽ പ്രവാസികളെ നാട്ടിലെത്തിക്കാൻ നടപടി വേണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. അതേസമയം മെഡിക്കൽ ആവശ്യങ്ങൾ ഉന്നയിച്ച്  പല രാജ്യങ്ങളിൽ നിന്നും പ്രവാസികൾ സമീപിച്ചിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. 

എല്ലാവരും തിരിച്ചുവരണമെന്നു തന്നെയാണ് തങ്ങളും ആഗ്രഹിക്കുന്നതെന്ന് കോടതി പറഞ്ഞു.എന്നാൽ പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്നതിന് കേരളം  വേണ്ടവിധത്തില്‍ ഒരുങ്ങിയിട്ടുണ്ടോ എന്നാണ് അറിയേണ്ടേത്. പ്രവാസികൾ തിരിച്ചെത്തിയാൽ അവരെ വീടുകളിലേക്ക് നിരീക്ഷണത്തിന് അയക്കാൻ പറ്റില്ല. ഇക്കാര്യത്തിൽ എന്ത് ചെയ്യാനാകുമെന്ന് സർക്കാർ‍ രേഖാമുലം അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. പ്രവാസികളെ ഇപ്പോഴത്തെ നിലയിൽ ഉടൻ തിരിച്ചുകൊണ്ടുവരാനാകില്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാർ ആവര്‍ത്തിച്ചത്. പ്രവാസികളുടെ ക്ഷേമത്തിനായി എല്ലാ എംബസികളിലും നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്. മെഡിക്കൽ സഹായവും ടെലിഫോണ്‍ വഴിയുള്ള സേവനങ്ങളും നല്‍കുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 

എന്നാല്‍ കേന്ദ്ര സർ‍ക്കാർ നൽകിയ മറുപടിയിൽ പ്രവാസികള്‍ക്ക് മരുന്ന് നൽകുന്ന കാര്യവും സാമ്പത്തികസസഹായവും വ്യക്തമാക്കിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സഹായംനൽകി എന്ന് വാക്കാൽ പറഞ്ഞതു കൊണ്ടായില്ല. അത് സത്യവാങ്മൂലമായി നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. എതൊക്കെ രാജ്യങ്ങളിലുളള പ്രവാസികളുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ എന്ത് നടപടി  സ്വീകരിച്ചു.  പ്രവാസികൾക്ക് ബന്ധപ്പെടാനുളള ഫോൺ നമ്പരുകൾ ഏതൊക്കെയാണ്. അവിടെയുള്ളവരെ എങ്ങനെയാണ് ഇപ്പോൾ സഹായിക്കുന്നത് എന്നീ കാര്യങ്ങൾ വ്യക്തമാക്കണമെന്നാണ് കേന്ദ്ര സർ‍ക്കാരിനോട് നിര്‍ദേശിച്ചത്.

 പ്രവാസികൾ തിരിച്ചെത്തുന്നത് കണക്കാക്കി എന്തൊക്കെ ഒരുക്കങ്ങൾ നടത്തുന്നുവെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാരും സത്യവാങ്മൂലം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. ഈ മാസം 24നകം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കോടതിക്ക് രേഖാമൂലമുള്ള മറുപടി നല്‍കണമെന്നാണ് നിര്‍ദേശം.  തുടര്‍ന്ന് ഹ‍ർജി 24ലേക്ക് മാറ്റിവെച്ചു.

Follow Us:
Download App:
  • android
  • ios