യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓഡിറ്റ് ആന്റ് ടാക്സ് സ്ഥാപനമായ എച്ച്എല്‍ബി ഹാംറ്റ് തുടക്കം കുറിച്ച 'എച്ച്എല്‍ബി ഹാംറ്റ് ഹീറോസ്' എന്ന പദ്ധതിയിലൂടെ ജീവനക്കാര്‍ക്ക് സമൂഹവുമായി ഇടപഴകാനും പരിസ്ഥിതി സംബന്ധമായ വിഷയങ്ങളില്‍ തങ്ങളുടേതായ സംഭാവന നല്‍കാനും സാധിക്കും.

ദുബൈ: യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓഡിറ്റ് ആന്റ് ടാക്സ് സ്ഥാപനമായ എച്ച്ല്‍ബി ഹാംറ്റ്, സന്നദ്ധ സേവനം മുന്‍നിര്‍ത്തിയുള്ള പുതിയ പദ്ധതി പ്രഖ്യാപിച്ചു. ഐക്യരാഷ്‍ട്രസഭയുടെ ആഹ്വാന പ്രകാരം ഡിസംബര്‍ അഞ്ചിന് ആചരിക്കുന്ന അന്താരാഷ്‍ട്ര സന്നദ്ധ സേവന ദിനത്തോടനുബന്ധിച്ചാണ് 'എച്ച്എല്‍ബി ഹാംറ്റ് ഹീറോസ്' എന്ന പേരിലുള്ള പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

ലോകത്തൂടനീളം സന്നദ്ധ സേവനത്തിന്റെ ശക്തിയിലൂടെ നല്ല മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ള ഐക്യരാഷ്‍ട്ര സഭയുടെ പദ്ധതികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്ന 'എച്ച്എല്‍ബി ഹാംറ്റ് ഹീറോസ്' പദ്ധതിയിലൂടെ സാമൂഹിക ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നതിനും യുഎഇയിലെ വ്യത്യസ്‍തവും സഹകരണ മനോഭാവം നിറഞ്ഞതുമായ സമൂഹത്തില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവരാനും ലക്ഷ്യമിടുന്നതാണ് പദ്ധതിയെന്ന് എച്ച്എല്‍ബി ഹാംറ്റ് സ്ഥാപകനും ചെയര്‍മാനുമായ ഹിഷാം അലി മുഹമ്മദ് അല്‍ താഹിര്‍, സിഇഒയും പാര്‍ട്‍ണറുമായ വിജയ് ആനന്ദ് എന്നിവര്‍ പറഞ്ഞു.

ജീവനക്കാര്‍ക്കായി പ്രഖ്യാപിച്ച സന്നദ്ധ സേവന പദ്ധതിയിലൂടെ യുഎഇയില്‍ നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനാണ് പദ്ധതിയിടുന്നത്. വാര്‍ഷിക സി.എസ്.ആര്‍ നിബന്ധനകളുള്ള വലിയ കമ്പനികള്‍ക്ക് പുറമെ, മദ്ധ്യനിരയിലുള്ള നിരവധി കമ്പനികള്‍ക്ക് സാമൂഹിക ഉത്തരവാദിത്ത പദ്ധതികളേക്ക് ശ്രദ്ധതിരിക്കാന്‍ ഇതിലൂടെ അവസരമൊരുങ്ങും. എച്ച്എല്‍ബി ഹാംറ്റിന്റെ സന്നദ്ധ സേവന പ്ലാറ്റ്ഫോമായ 'എച്ച്എല്‍ബി ഹാംറ്റ് ഹീറോസിലൂടെ' ഈ സ്ഥാപനങ്ങളുടെ സഹായം തേടുകയും അവയെ സമൂഹത്തിലേക്കും പരിസ്ഥിതിയിലേക്കും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും.

പുതിയ പദ്ധതിക്ക് ജീവനക്കാരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനോടകം തന്നെ നൂറിലധികം ജീവനക്കാര്‍ വലിയ താത്പര്യത്തോടെ പദ്ധതിയില്‍ ചേര്‍ന്നു. സമൂഹത്തിനും മറ്റ് തത്പര കക്ഷികള്‍ക്കും പ്രയോജനപ്പെടുന്ന തരത്തില്‍ അവരുടെ കോര്‍പറേറ്റ് സാമൂഹിക പ്രതിബദ്ധതാ പദ്ധതികള്‍ ക്രമീകരിക്കാന്‍ ഇവര്‍ കമ്പനികളെ സഹായിക്കും.

സമൂഹത്തിന്റെ ക്ഷേമത്തിന് വലിയ സംഭാവന നല്‍കാന്‍ 'എച്ച്എല്‍ബി ഹാംറ്റ് ഹീറോസ്' പദ്ധതിക്ക് സാധിക്കുമെന്ന് ഉറച്ചുവിശ്വസിക്കുന്നതായി എച്ച്എല്‍ബി ഹാംറ്റ് മാനേജിങ് ഡയറക്ടര്‍ ജോണ്‍ വര്‍ഗീസ് പറഞ്ഞു. സുസ്ഥിരത ഉറപ്പാക്കാനും പരിസ്ഥിതി സംരക്ഷണത്തിനും കാലാവസ്ഥാ വ്യതിയാനം തടയാനുമുള്ള യുഎഇ ഭരണകൂടത്തിന്റെ കാഴ്‍ചപ്പാടിന് അനുഗുണമാവുന്ന തരത്തിലാണിതെന്നും അദ്ദേഹം പറഞ്ഞു.