ദുബൈയിൽ താമസക്കാരനായ ഇംതിയാസ് ആണ് അജ്മാനിലെ തുംബൈ ഹോസ്പിറ്റലിൽ ബാ​ഗ് മറന്നുവെച്ചത്.

ദുബൈ: ആശുപത്രിയിൽ പണമടങ്ങിയ ബാ​ഗ് മറന്നുവെച്ച പ്രവാസിക്ക് ബാ​ഗ് തിരികെ നൽകി ആശുപത്രി അധികൃതർ. ദുബൈയിൽ താമസക്കാരനായ ഇംതിയാസ് ആണ് അജ്മാനിലെ തുംബൈ ഹോസ്പിറ്റലിൽ ബാ​ഗ് മറന്നുവെച്ചത്. 32,000 ദിർഹം പണവും ബാ​ഗിൽ ഉണ്ടായിരുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്കാണ് ഇംതിയാസ് ആശുപത്രിയിലെത്തിയത്. കടുത്ത പനി ബാധിച്ച സഹോദരനെയും കൊണ്ടാണ് ഹോസ്പിറ്റലിൽ ഇംതിയാസ് എത്തിയത്. സഹോദരനെ ഉടൻതന്നെ അത്യാഹിത വിഭാ​ഗത്തിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. തിരക്കിനിടെ ഇംതിയാസ് തന്റെ പണമടങ്ങിയ ബാ​ഗ് അവിടെ മറന്നുവെക്കുകയായിരുന്നു. പിന്നീട് ബാ​ഗ് അത്യാഹിത വിഭാ​ഗത്തിൽ ജോലി ചെയ്തിരുന്ന ഒരു നഴ്സിന്റെ ശ്രദ്ധയിൽപ്പെടുകയും അവർ ഉടൻ തന്നെ സൂപ്പർവൈസറായ ഹമീദ് ബിൻ ഹുസൈനിനെ ഏൽപ്പിക്കുകയുമായിരുന്നു. ശേഷം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ബാ​ഗിന്റെ ഉടമയെ കണ്ടെത്തിയത്.

ബാ​ഗിനുള്ളിൽ തിരിച്ചറിയൽ രേഖകൾ ഉണ്ടായിരുന്നത് ഉടമയെ കണ്ടുപിടിക്കുന്നതിൽ ആശുപത്രി ജീവനക്കാർക്ക് കൂടുതൽ സഹായകമായി. ഇംതിയാസിന്റെ വിവരങ്ങൾ ലഭിച്ചപ്പോൾ ഉടൻ തന്നെ അദ്ദേഹത്തെ ബന്ധപ്പെട്ടെന്നും ഇത്തരം സംഭവങ്ങൾ ആശുപത്രിയിൽ പതിവായി ഉണ്ടാകാറുണ്ടെന്നും യാഥാർഥ ഉടമയ്ക്ക് ബാ​ഗ് തിരികെ ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ആശുപത്രി ജീവനക്കാർ പറഞ്ഞു.

`അന്നൊരു വല്ലാത്ത ദിവസമായിരുന്നു. സഹോദരന് പനിയായി ആശുപത്രിയിൽ കൊണ്ടുവന്നതാണ്. അതിനിടയിൽ എന്റെ ബാ​ഗ് നഷ്ടപ്പെടുകയായിരുന്നു. പണം മുഴുവനും ബാ​ഗിനുള്ളിലായിരുന്നു. ബാ​ഗ് നഷ്ടപ്പെട്ടതോടെ എന്ത് ചെയ്യണമെന്നറിയാതെ ഞാൻ പേടിച്ചുപോയി. ബാ​ഗ് എവിടെയാണ് മറന്നുവെച്ചതെന്ന് ഓർത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. ദിവസം മുഴുവൻ ബാ​ഗ് അന്വേഷിച്ച് നടന്നു. അപ്പോഴാണ് തുംബൈ ​ഹോസ്പിറ്റലിൽ നിന്നും എനിക്ക് കോൾ വന്നത്' - ഇംതിയാസ് പറയുന്നു. ബാ​ഗ് തിരികെ നൽകിയതിലുള്ള ആശുപത്രി ജീവനക്കാരുടെ സത്യസന്ധതയ്ക്ക് ഇംതിയാസ് നന്ദി പറഞ്ഞു. എനിക്ക് പണവും ബാ​ഗും ഒക്കെ തിരികെ ലഭിച്ചു. ഇത് യുഎഇയിൽ മാത്രമേ നടക്കൂ, അതുകൊണ്ടുതന്നെയാണ് ഈ രാജ്യം എനിക്ക് അത്രമേൽ പ്രിയപ്പെട്ടതാകുന്നത് - ഇംതിയാസ് പറഞ്ഞു.

ആശുപത്രി ജീവനക്കാരുട ഈ പ്രവൃത്തി നിരവധി പേരുടെ പ്രശംസ പിടിച്ചുപറ്റി. തുംബൈ ആശുപത്രി അധികൃതർ ജീവനക്കാരെ പ്രശംസിക്കുന്നതിനായി അഭിനന്ദന ചടങ്ങ് സംഘടിപ്പിച്ചു. തുംബൈ ഹെൽത്ത്കെയറിന്റെ വൈസ് പ്രസിഡന്റ് അക്ബർ മൊയ്ദീൻ തുംബൈ ജീവനക്കാരെ വ്യക്തിപരമായി അഭിനന്ദിക്കുകയും ചെയ്തു.