ഖത്തർ മ്യൂസിയംസ് 20ാം വാർഷികം ആഘോഷിക്കുന്ന ഘട്ടത്തിലാണ് എ.ഐ ആർട്ട് ടൂർ നടപ്പാക്കുന്നത്
ദോഹ: ഖത്തിലെ മ്യൂസിയങ്ങൾ, പൊതുസ്ഥാപനങ്ങൾ, ചരിത്രസ്ഥലങ്ങൾ എന്നിവ എ.ഐ ആർട്ട് ടൂറിലൂടെ സന്ദർശകർക്ക് ഇനി ആസ്വദിക്കാം. കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവുമായി സഹകരിച്ച് സാങ്കേതികവിദ്യയുടെ സഹായത്തോടെ ക്യുഎം എഐ ആർട്ട് ടൂർ എന്ന പുതിയ ഡിജിറ്റൽ എക്സ്പീരിയൻസ് അവതരിപ്പിച്ചിരിക്കുകയാണ് ഖത്തർ മ്യൂസിയംസ്. സന്ദർശകർക്ക് വ്യക്തിഗത മാർഗരേഖ നൽകുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്ന ഈ സംരംഭം ഖത്തറിന്റെ വൈവിധ്യമാർന്ന കലാ-സാംസ്കാരിക പൈതൃകം കൂടുതൽ പ്രേക്ഷകരിലേക്കെത്തിക്കാനും കൂടുതൽ ആസ്വാദ്യകരമാക്കാനും ലക്ഷ്യമിടുന്നു.
സന്ദർശകർ ആദ്യം 'എഐ ആർട്ട് സ്പെഷ്യലിസ്റ്റ്' എന്നറിയപ്പെടുന്ന എഐ ഗൈഡുമായി തങ്ങളുടെ താൽപര്യങ്ങളും ആഗ്രഹങ്ങളും പങ്കുവെക്കുന്നു. പിന്നീട്, ഈ നിർദേശങ്ങളെ അടിസ്ഥനമാക്കി എ.ഐ ഒരു വ്യക്തിഗത മാർഗരേഖ ഒരുക്കും. ഇങ്ങനെ, ദോഹയിലുടനീളമുള്ള മ്യൂസിയങ്ങൾ, പൊതുസ്ഥാപനങ്ങൾ, ചരിത്രസ്ഥലങ്ങൾ എന്നിവ ഉൾപ്പെടുത്തി ഉപഭോക്താവിന്റെ താൽപര്യങ്ങൾക്ക് അനുയോജ്യമായ യാത്രാപാത എ.ഐ ഒരുക്കുന്നു.
യാത്രയിലുടനീളം, എഐ ആർട്ട് സ്പെഷ്യലിസ്റ്റ് സന്ദർശകന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകും. ആവശ്യമായ വിശദീകരണങ്ങളും നിർദേശങ്ങളും നൽകുന്നതിലൂടെ യാത്ര സംവേദനാത്മക അനുഭവമായി സന്ദർശകന് അനുഭവപ്പെടുന്നു. ഖത്തറിലെ കലാ-സാംസ്കാരിക -ചരിത്ര പാരമ്പര്യം കണ്ടെത്താനും അനുഭവിക്കാനും തദ്ദേശീയ, അന്താരാഷ്ട്ര സന്ദർശകർക്ക് ഇതിലൂടെ അവസരമൊരുക്കുന്നു.
ഖത്തർ മ്യൂസിയംസ് 20ാം വാർഷികം ആഘോഷിക്കുന്ന ഘട്ടത്തിലാണ് എ.ഐ ആർട്ട് ടൂർ നടപ്പാക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഖത്തറിന്റെ സാംസ്കാരിക രംഗത്തെ ആഗോള തലത്തിലേക്ക് ഉയർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ‘എവല്യൂഷൻ നേഷൻ’ എന്ന 18 മാസം നീളുന്ന ആഘോഷങ്ങളുടെ ഭാഗമായാണിത് നടപ്പാക്കിയത്. കല, ചരിത്രം, സംസ്കാരം എന്നിവയിലേക്ക് ആളുകളെ വിദഗ്ദ്ധവും വ്യക്തിഗതവുമായ രീതിയിൽ അടുപ്പിക്കുന്നതിന് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പുകൂടിയാണ് എഐ ആർട്ട് ടൂർ.


