കുവൈത്തിലുണ്ടായ തീപ്പിടുത്തത്തില്‍ വീട്ടുജോലിക്കാരി മരിച്ചു. മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു

കുവൈത്ത് സിറ്റി: കുവൈത്തിലെ അര്‍ദിയയില്‍ (Ardhiya, Kuwait) ഒരു വീട്ടിലുണ്ടായ തീപ്പിടുത്തത്തില്‍ വീട്ടുജോലിക്കാരി മരിച്ചു (Housemaid died). വീടിനുള്ളില്‍ കുടുങ്ങിപ്പോയ മൂന്ന് കുട്ടികള്‍ക്കും അമ്മയ്‍ക്കും പൊള്ളലേറ്റു (Four injured). ഇവര്‍ക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കിയതായി അധികൃതര്‍ അറിയിച്ചു.

വീടിന് തീപിടിച്ചതായി സെന്‍ട്രല്‍ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചയുടന്‍ തന്നെ അര്‍ദിയ, ജലീബ് അല്‍ ശുയൂഖ് എന്നിവിടങ്ങളിലെ ഫയര്‍ സെന്ററുകളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തിയതായി ജനറല്‍ ഫയര്‍ ബ്രിഗേഡ് പബ്ലിക് റിലേഷന്‍ വിഭാഗം അറിയിച്ചു. വീടിനുള്ളില്‍ കുടുങ്ങിപ്പോയ അമ്മയെയും അവരുടെ മൂന്ന് മക്കളെയും രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പൊള്ളലേറ്റ വീട്ടുജോലിക്കാരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു അഗ്നിശമന സേനാംഗത്തിനും പൊള്ളലേറ്റതായി അധികൃതര്‍ പുറത്തിറക്കിയ പ്രസ്‍താവന പറയുന്നു.