ലോകത്തിലെ പ്രധാന എണ്ണ ഷിപ്പിങ് തുറമുഖങ്ങളിലൊന്നായ റാസ് തനൂറയിലെ പെട്രോളിയം ടാങ്ക് ഫാമുകളിലൊന്നിന് നേരെ രാവിലെയാണ് ആക്രമണമുണ്ടായത്.

റിയാദ്: സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയിലെ റാസ് തനൂറ തുറമുഖത്തെ എണ്ണ സംഭരണ ടാങ്കിനും ദഹ്‌റാനിലെ അരാംകോ റെസിഡന്‍ഷ്യല്‍ ഏരിയയ്ക്കും നേരെ ഹൂതികളുടെ ആക്രമണം. ഞായറാഴ്ചയാണ് ഹൂതികളുടെ ഡ്രോണ്‍, മിസൈല്‍ ആക്രമണം ഉണ്ടായത്.

ലോകത്തിലെ പ്രധാന എണ്ണ ഷിപ്പിങ് തുറമുഖങ്ങളിലൊന്നായ റാസ് തനൂറയിലെ പെട്രോളിയം ടാങ്ക് ഫാമുകളിലൊന്നിന് നേരെ രാവിലെയാണ് ആക്രമണമുണ്ടായത്. വൈകിട്ട് മറ്റൊരു ആക്രമണത്തില്‍ ബാലിസ്റ്റിക് മിസൈലിന്റെ ഭാഗങ്ങള്‍ ദഹ്‌റാനിലെ അരാംകോ റെസിഡന്‍ഷ്യല്‍ ഏരിയയ്ക്ക് സമീപം പതിച്ചു. രണ്ട് ആക്രമണങ്ങളും ലക്ഷ്യത്തിലെത്തും മുമ്പ് പരാജയപ്പെടുത്തി. ആക്രമണങ്ങളില്‍ ആര്‍ക്കും പരിക്കോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് അറബ് സഖ്യസേന വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍കി അല്‍ മാലികി അറിയിച്ചു. തുടര്‍ച്ചയായ ഹൂതി ആക്രമണങ്ങളെ രാജ്യം ശക്തമായി അപലപിക്കുന്നതായി അദ്ദേഹം പറഞ്ഞു. ആഗോള ഊര്‍ജ വിതരണവും സുരക്ഷയും താറുമാറാക്കാനാണ് തീവ്രവാദികള്‍ ലക്ഷ്യം വെച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.