റിയാദ്: സൗദിയിലെ ജിസാന്‍, അബഹ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് വീണ്ടും ഹൂതികള്‍ വ്യോമാക്രമണം നടത്തി. ജനവാസ മേഖലകള്‍ ലക്ഷ്യം വെച്ചായിരുന്നു യെമനില്‍ നിന്നുള്ള ഡ്രോണ്‍ ആക്രമണം. എന്നാല്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുന്‍പ് തന്നെ സൗദി സഖ്യസേന തകര്‍ത്തു.

യെമനിലെ സന്‍ആയില്‍ നിന്നായിരുന്നു ആക്രമണ ശ്രമമുണ്ടായതെന്ന് അറബ് സഖ്യസേനാ വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി പറ‍ഞ്ഞു. എന്നാല്‍ ആക്രമണത്തില്‍ ജിസാന്‍ എയര്‍പോര്‍ട്ടിന് നാശനഷ്ടങ്ങളുണ്ടായെന്നാണ് ഹുതി അനുകൂല ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി നിരവധി തവണയാണ് സൗദിയിലേക്ക് യെമനില്‍ നിന്ന് ഹൂതികളുടെ വ്യോമാക്രമണമുണ്ടാകുന്നത്. ആക്രമണങ്ങളില്‍ 33 പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒരു സിറിയന്‍ പൗരന്‍ മരിക്കുകയും ചെയ്തിരുന്നു.

അതേസമയം യമനിലെ ഹൂതി ശക്തി കേന്ദ്രങ്ങളില്‍ അറബ് സഖ്യസേന ശക്തമായ ആക്രമണം തുടരുകയാണ്. ഹൂതികള്‍ സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിച്ച് ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.