റിയാദ് ലക്ഷ്യമാക്കിയെത്തിയ ഹൂതി മിസൈൽ-ഡ്രോൺ ആക്രമണ ശ്രമം തകർത്തു. യെമൻ സൈന്യം നടത്തിയ തിരിച്ചടിയിൽ ഹൂതി നേതാക്കളുൾപ്പെടെ 142 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ വിവിധ യുദ്ധമുന്നണികളിലെ ഹൂതി താവളങ്ങൾക്കും ഒളിത്താവളങ്ങൾക്കും നേരെ സൈന്യം 746 ആക്രമണങ്ങളാണ് നടത്തിയത്.
റിയാദ്: സൗദി തലസ്ഥാനമായ റിയാദിനും രാജ്യത്തിന്റെ തെക്കൻ മേഖലയ്ക്കും നേരെ ഹൂതി വിമതർ തൊടുത്തുവിട്ട രണ്ട് ക്രൂസ് മിസൈലുകളും രണ്ട് ഡ്രോണുകളും വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തകർത്തു. യെമൻ ഭരണകൂടത്തെ പിന്തുണയ്ക്കുന്ന അറബ് സഖ്യസേനയുടെ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികിയാണ് ഇക്കാര്യം അറിയിച്ചത്.
റിയാദ് ലക്ഷ്യമിട്ടെത്തിയ രണ്ട് ക്രൂസ് മിസൈലുകളും, റിയാദിനും തെക്കൻ മേഖലയ്ക്കും നേരെ അയച്ച രണ്ട് ഡ്രോണുകളുമാണ് സൈന്യം നശിപ്പിച്ചത്. നേരത്തെ, ഹൂതികളുടെ സൈനിക ശക്തി തകർക്കാൻ സഖ്യസേന നടത്തിയ പ്രത്യേക ഓപ്പറേഷനിൽ സനാ, ഹൊദൈദ, അമ്രാൻ, സാദ എന്നീ പ്രവിശ്യകളിലായി ഇവരുടെ 60 സൈനിക കേന്ദ്രങ്ങൾ തകർത്തിരുന്നു. അതേസമയം, യെമൻ സൈന്യം നടത്തിയ ശക്തമായ തിരിച്ചടിയിൽ ഹൂതികളുടെ നേതാക്കളും പോരാളികളും ഉൾപ്പെടെ 142 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ വിവിധ യുദ്ധമുന്നണികളിലെ ഹൂതി താവളങ്ങൾക്കും ഒളിത്താവളങ്ങൾക്കും നേരെ സൈന്യം 746 ആക്രമണങ്ങളാണ് നടത്തിയത്. ജനകീയ പ്രതിരോധ സേനയുടെ സഹായത്തോടെ നടത്തുന്ന 'ഓപ്പറേഷൻ ഫജ്ർ അൽ-യെമൻ' എന്ന സൈനിക നീക്കത്തിന്റെ ഭാഗമായാണ് ഈ നടപടി. ഹൂതികളുടെ പ്രതിരോധ കേന്ദ്രങ്ങൾ, സൈനിക വാഹനങ്ങൾ, ആയുധങ്ങൾ സൂക്ഷിച്ച സ്ഥലങ്ങൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് 21 തവണയും, ഡ്രോണുകൾ ഉപയോഗിച്ച് 43 തവണയും, റോക്കറ്റുകൾ ഉപയോഗിച്ച് 44 തവണയും, പീരങ്കികൾ ഉപയോഗിച്ച് 638 തവണയുമാണ് സൈന്യം ആക്രമണം നടത്തിയത്. ഇതിൽ ഹൂതികളുടെ 72 സൈനിക വാഹനങ്ങളും കവചിത വാഹനങ്ങളും യുദ്ധോപകരണങ്ങളും പൂർണ്ണമായോ ഭാഗികമായോ നശിച്ചു. തായ്സ് പ്രവിശ്യയിലെ പല ഭാഗങ്ങളിലും ഹൂതികൾ നടത്തിയ ആക്രമണങ്ങളെയും നുഴഞ്ഞുകയറ്റ ശ്രമങ്ങളെയും യെമൻ സൈന്യവും ജനകീയ പ്രതിരോധ സേനയും ചേർന്ന് തടഞ്ഞു. ഇവിടങ്ങളിലെ ഹൂതി താവളങ്ങൾക്ക് നേരെ യുദ്ധവിമാനങ്ങളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തുകയും ചെയ്തു.
തലസ്ഥാനമായ സനായ്ക്ക് കിഴക്കുള്ള മാരിബ്, അൽ-ജൗഫ് എന്നിവിടങ്ങളിലും ഹൂതികളുടെ നീക്കങ്ങളെ സൈന്യം ശക്തമായി ചെറുക്കുകയും അവരുടെ താവളങ്ങളും യുദ്ധസാമഗ്രികളും തകർക്കുകയും ചെയ്തു. രാജ്യത്തിന്റെ തെക്കൻ അതിർത്തി മേഖലയിലും ഹൂതികളുടെ നീക്കങ്ങൾക്ക് നേരെ സൈന്യം ശക്തമായ തിരിച്ചടി നൽകി. സാധാരണക്കാർക്കും അവരുടെ വീടുകൾക്കും സ്ഥാപനങ്ങൾക്കും ഒരു പോറലുമേൽക്കാതിരിക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും എടുത്തുകൊണ്ടാണ് സൈനിക നീക്കം നടത്തുന്നതെന്ന് യെമൻ സൈന്യം വ്യക്തമാക്കി. സാധാരണക്കാർക്കും രാജ്യത്തിന്റെ തീരപ്രദേശങ്ങൾക്കും നേരെയുള്ള ഹൂതി ഭീഷണി പൂർണ്ണമായും ഇല്ലാതാക്കുന്നതുവരെ വിവിധ സൈനിക വിഭാഗങ്ങൾ ഒന്നിച്ച് 'ഓപ്പറേഷൻ ഫജ്ർ അൽ-യെമൻ' തുടരുമെന്നും സൈന്യം അറിയിച്ചു.














