റിയാദ്: സൗദി അറേബ്യയിലെ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ട് ചൊവ്വാഴ്ച വീണ്ടും ഡ്രോണ്‍ ആക്രമണമുണ്ടായി. സ്ഫോടനം നടത്തുന്നതിന് മുന്‍പ് തന്നെ ഡ്രോണുകള്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ച് സൗദി സേന തകര്‍ത്തു. യെമനിലെ സനായില്‍ നിന്ന് സൗദിയിലെ ഖമീസ് മുശൈത്തിന് നേരെയാണ് ആക്രമണശ്രമം നടന്നതെന്ന് അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി അറിയിച്ചു. ഡ്രോണ്‍ സൗദി അതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിന് മുന്‍പുതന്നെ തകര്‍ത്തതായി അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞ ദിവസം സൗദിക്ക് നേരെ യെമനില്‍ നിന്ന് ആറ് ബാലിസ്റ്റിക് മിസൈലുകള്‍ ഹൂതികള്‍ തൊടുത്തുവിട്ടിരുന്നു. ഈ ആക്രമണശ്രമവും അറബ് സഖ്യസേന തകര്‍ക്കുകയായിരുന്നു.