ദുബായ്: സൗദി അരാംകോയിലെ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ യുഎഇയിലെ നിരവധി സ്ഥലങ്ങളെയും തങ്ങള്‍ ലക്ഷ്യമിടുന്നുണ്ടെന്ന് ഹൂതികളുടെ ഭീഷണി. യുഎഇയിലെ നിരവധി സ്ഥലങ്ങള്‍ തങ്ങളുടെ ആക്രമണ പരിധിയിലുണ്ടെന്ന് ഇത് ആദ്യമായി തങ്ങള്‍ അറിയിക്കുകയാണെന്നായിരുന്നു ടെലിവിഷന്‍ ചാനലിലൂടെ ഹൂതി വക്താവ് യഹ്‍യ സരിയ പറഞ്ഞത്. ചില സ്ഥലങ്ങള്‍ അബുദാബിയിലാണ്. ഏത് സമയത്തും അവിടങ്ങളില്‍ ആക്രമണമുണ്ടാകാമെന്നും ടെലിവിഷന്‍ ചാനലിലൂടെ പുറത്തുവിട്ട ഭീഷണി സന്ദേശത്തില്‍ പറയുന്നു.

സൗദി അരാംകോയുടെ എണ്ണ സംസ്‍കരണ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയ മൂന്നിടങ്ങളില്‍ നിന്നാണെന്നും ഹൂതികള്‍ അവകാശപ്പെട്ടു. ഖസീഫ് 3 ഡ്രോണുകള്‍, സമദ് 3 ഡ്രോണുകള്‍, ജെറ്റ് പവേര്‍ഡ് ഡ്രോണുകള്‍ എന്നിവ മൂന്ന് സ്ഥലങ്ങളില്‍നിന്ന് സൗദിയിലേക്ക് വിക്ഷേപിക്കുകയായിരുന്നുവെന്നും ഹൂതികള്‍ അറിയിച്ചു.