മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴില്‍ വരുന്ന അപേക്ഷകള്‍ പരിശോധിക്കുന്ന 'തസ്‍ഹീല്‍' സര്‍വീസ് സെന്ററിലെ ഈ ജീവനക്കാരന് 1,59,000 ദിര്‍ഹമാണ് (ഏകദേശം 30 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ഒരു മാസം ശമ്പളം ലഭിച്ചത്.

ദുബായ്: അമ്പരപ്പിക്കുന്ന തുകയുടെ മാസ ശമ്പളം വാങ്ങിയാണ് യുഎഇയില്‍ ഒരു സ്വദേശി പൗരന്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംനേടിയിരിക്കുന്നത്. മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴില്‍ വരുന്ന അപേക്ഷകള്‍ പരിശോധിക്കുന്ന 'തസ്‍ഹീല്‍' സര്‍വീസ് സെന്ററിലെ ഈ ജീവനക്കാരന് 1,59,000 ദിര്‍ഹമാണ് (ഏകദേശം 30 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ഒരു മാസം ശമ്പളം ലഭിച്ചത്.

തസ്ഹീല്‍ സെന്ററിലെ ജീവനക്കാര്‍ക്ക് ഓരോ ഇടപാടിനും 45 ദിര്‍ഹം വീതം കമ്മീഷന്‍ ലഭിക്കും. ഈ ജീവനക്കാരന്‍ ദിവസവും ശരാശരി 141 ഇടപാടുകള്‍ വരെയാണ് നടത്തിയിരുന്നത്. ഒരു മാസത്തെ കണക്ക് പരിശോധിക്കുമ്പോള്‍ ആകെ 3,533 അധികം ഇടപാടുകള്‍. ഒരു മണിക്കൂറില്‍ ശരാശരി 20 ഇടപാടുകളാണ് ഇയാള്‍ നടത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. എല്ലാം കൂടി കണക്കാക്കുമ്പോള്‍ ആകെ ശമ്പളം 1,59,000 ദിര്‍ഹം. ജീവനക്കാരന്റെ പേരോ വിവരങ്ങളോ അധികൃതര്‍ പുറത്തുവിട്ടിട്ടുമില്ല.