കാറുമായി വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകുന്നുവെന്ന് ചിത്രം സഹിതം അല്‍ഫഹീം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെ കാറുകള്‍ കൊണ്ടുപോകുന്ന ഷിപ്പിങ് കമ്പനിയുടെ പ്രതിനിധിയെന്ന പേരിലാണ് ഒരാള്‍ ഇന്‍സ്റ്റഗ്രാമിലൂടെത്തന്നെ പരിചയപ്പെട്ടത്.
ദുബായ്: യുഎഇ പൗരനായ യുവാവിന്റെ നാല് കോടിയോളം രൂപ വിലവരുന്ന കാര്‍ തിരികെ കിട്ടാന്‍ കാരണമായത് സോഷ്യല്‍ മീഡിയാ കൂട്ടായ്മ. പോകുന്നിടത്തെല്ലാം തന്റെ കാര്‍ കൂടി കൊണ്ടുപോകുന്ന സ്വഭാവമുള്ള അബ്ലുല്ല അല്‍ഫഹീം എന്ന 30 വയസുകാരന്റെ ലംബോര്‍ഗിനി കാറാണ് ഫ്രാന്‍സില്‍ നിന്നും ഇംഗ്ലണ്ടിലേക്കുള്ള യാത്രയ്ക്കിടെ കള്ളന്‍ കൊണ്ടുപോയത്.
വ്യാജ ഷിപ്പിങ് കമ്പനിയുടെ പേരിലാണ് സോഷ്യല്‍ മീഡിയയില്‍ താരമായ അല്‍ഫഹീമിന്റെ കാര്‍ തട്ടിപ്പുകാര്‍ കൈക്കലാക്കിയത്. കാറുമായി വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകുന്നുവെന്ന് ചിത്രം സഹിതം അല്‍ഫഹീം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെ കാറുകള്‍ കൊണ്ടുപോകുന്ന ഷിപ്പിങ് കമ്പനിയുടെ പ്രതിനിധിയെന്ന പേരിലാണ് ഒരാള്‍ ഇന്‍സ്റ്റഗ്രാമിലൂടെത്തന്നെ പരിചയപ്പെട്ടത്. ഫ്രാന്‍സില്‍ നിന്ന് ലണ്ടനിലേക്ക് വിമാനം കയറാന്‍ നിശ്ചയിച്ചിരുന്നതിന്റെ തലേദിവസം ഇവര്‍ ഹോട്ടലില്‍ നിന്ന് കാര്‍ ഏറ്റെടുത്തു. അടുത്ത ദിവസം വീണ്ടും വിളിച്ച ശേഷം ലണ്ടനില്‍ ഇയാള്‍ താമസിക്കാന്‍ പോകുന്ന ഹോട്ടലില്‍ ഒരു മണിക്കൂറിനകം കാര്‍ എത്തിക്കുമെന്നും പറഞ്ഞു. എന്നാല്‍ പിന്നീട് ഒരു വിവരവുമുണ്ടായിരുന്നില്ല.
നിരവധി തവണ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും കഴിയാതെ വന്നതോടെ കാര്‍ മോഷ്ടിക്കപ്പെട്ടതായി ഇയാള്‍ സ്ഥിരീകരിച്ചു. ഇന്റര്‍പോള്‍, യൂറോപ്യന്‍ പൊലീസ്, ലണ്ടനിലെ യുഎഇ എംബസി എന്നിവിടങ്ങളില്‍ വിവരമറിയിച്ചു. ഒപ്പം ഇക്കാര്യം അറിയിച്ച് നിരവധി ഇന്‍സ്റ്റഗ്രാം പോസ്റ്റുകളിട്ടു. കാറിന്റെ ചിത്രവും മോഷ്ടാവിന്റെ ചിത്രവുമെല്ലാം ഇന്‍സ്റ്റഗ്രാമിലൂടെ നല്‍കി. നിരവധിപ്പേര്‍ ഷെയര്‍ ചെയ്ത ഈ പോസ്റ്റുകള്‍ ശ്രദ്ധയില്‍ പെട്ട പോളിഷ് പൊലീസാണ് കാര്‍ പിടികൂടിയത്. കാര്‍ മോഷ്ടിച്ച പോളിഷ് പൗരനെയും പൊലീസ് പിടികൂടി.
ഇയാളുടെ ഷിപ്പിങ് കമ്പനി വ്യാജമായിരുന്നുവെന്നും ഫ്രാന്‍സില്‍ നിന്നും കാര്‍ ഇറ്റലിയിലേക്കും അവിടെ നിന്ന് പോളണ്ടിലേക്കും കാര്‍ കടത്തുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. പോളണ്ടിലെ യുഎഇ എംബസിയിലാണ് ഇപ്പോള്‍ കാര്‍ സൂക്ഷിച്ചിരിക്കുന്നത്. എംബസിയുമായി അല്‍ഫഹീം സംസാരിച്ചുകൊണ്ടിരിക്കുകയാണ്.