Asianet News MalayalamAsianet News Malayalam

വിദേശത്തുവെച്ച് പാസ്‍പോര്‍ട്ട് നഷ്ടമായാല്‍ എന്ത് ചെയ്യണം? എംബസി നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ

സന്ദര്‍ശക വിസയില്‍ യുഎഇയില്‍ എത്തിയ ഒരു ഇന്ത്യക്കാരന് തന്റെ പാസ്‍പോര്‍ട്ട് നഷ്ടമായാല്‍ ഒരു എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായി ഇന്ത്യന്‍ എംബസിയുടെ സഹായം തേടാം.

How to apply for an emergency certificate if you loose passport in a foreign country
Author
Dubai - United Arab Emirates, First Published Jul 14, 2022, 6:21 PM IST

ദുബൈ: വിദേശയാത്രയ്ക്കിടെ പാസ്‍പോര്‍ട്ട് നഷ്ടമാകുകയെന്നത് ഏറ്റവും പ്രയാസകരമായ ഒരു അനുഭവമായിരിക്കും. തുടര്‍ യാത്രകളും നാട്ടിലേക്കുള്ള മടക്കവുമെല്ലാം ചോദ്യചിഹ്നമാവുന്ന അത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങളെ അതത് രാജ്യത്തെ ഇന്ത്യന്‍ എംബസികളും കോണ്‍സുലേറ്റുകളും നിങ്ങലെ സഹായിക്കും.

സന്ദര്‍ശക വിസയില്‍ യുഎഇയില്‍ എത്തിയ ഒരു ഇന്ത്യക്കാരന് തന്റെ പാസ്‍പോര്‍ട്ട് നഷ്ടമായാല്‍ ഒരു എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായി ഇന്ത്യന്‍ എംബസിയുടെ സഹായം തേടാം. ഔട്ട് പാസ് എന്ന് പൊതുവെ അറിയപ്പെടുന്ന എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനായി അടുത്തിടെ അബുദാബിയിലെ ഇന്ത്യന്‍ എംബസി ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലിലൂടെ ഇത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കുകയും ചെയ്‍തു.
 

പാസ്‍പോര്‍ട്ട് നഷ്ടമാവുകയോ കാലാവധി കഴിയുകയോ ചെയ്തയാളിന് ഇന്ത്യയിലേക്ക് മടങ്ങാനായാണ് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. യുഎഇയില്‍ വെച്ചാണ് ഇത്തരമൊരു സാഹചര്യം നേരിടുന്നതെങ്കില്‍ പാസ്‍പോര്‍ട്ട് സേവാ പോര്‍ട്ടലില്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കിയ ശേഷം അതിന്റെ പ്രിന്റ് എടുത്ത് പാസ്‍പോര്‍ട്ടിന്റെ കോപ്പി സഹിതം ബി.എല്‍.എസ് സെന്ററില്‍ എത്തണം. അപേക്ഷകന്റെ ഇന്ത്യന്‍ പൗരത്വം പരിശോധിച്ച ശേഷമായിരിക്കും എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കുക.

ആവശ്യമായ രേഖകള്‍
1. എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷാ ഫോം
2. പാസ്‍പോര്‍ട്ടിന്റെ കോപ്പിയോ അല്ലെങ്കില്‍ പാസ്‍പോര്‍ട്ടിന്റെ വിശദാംശങ്ങളോ
3. പാസ്‍പോര്‍ട്ടിന്റെ കോപ്പി ഇല്ലെങ്കില്‍ മറ്റ് തിരിച്ചറിയല്‍ രേഖകളായ ഇന്ത്യയിലെ ഡ്രൈവിങ് ലൈസന്‍സ്, ആധാര്‍, ജനന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ നല്‍കാം. യുഎഇയിലെ താമസക്കാരനാണെങ്കില്‍ എമിറേറ്റ്സ് ഐഡിയും നല്‍കാവുന്നതാണ്.

അപേക്ഷ നല്‍കേണ്ടത് എങ്ങനെ?
https://embassy.passportindia.gov.in/ എന്ന വെബ്‍സൈറ്റില്‍ അക്കൗണ്ട് സൃഷ്ടിച്ച് രജിസ്റ്റര്‍ ചെയ്യുകയായാണ് വേണ്ടത്. നിങ്ങള്‍ ഇപ്പോഴുള്ള രാജ്യം തെരഞ്ഞെടുത്ത ശേഷം പേര്, ജനന തീയ്യതി, ഇ-മെയില്‍ വിലാസം എന്നിവ നല്‍കി രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാനുള്ള ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കാം. 

എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനായുള്ള അപേക്ഷയില്‍ അപേക്ഷകന്റെ വിശദ വിവരങ്ങളും കുടുംബ വിവരങ്ങളും പാസ്‍പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്ന വിലാസവും നാട്ടിലെ അടുത്തുള്ള പൊലീസ് സ്റ്റേഷനും അടക്കമുള്ള വിവരങ്ങള്‍ നല്‍കണം. എമര്‍ജന്‍സി കോണ്‍ടാക്ട് വിവരങ്ങളും പഴയ പാസ്‍പോര്‍ട്ടിന്റെ വിശദാംശങ്ങളും അപേക്ഷയില്‍ സമര്‍പ്പിക്കേണ്ടതുണ്ട്. തുടര്‍ന്ന് മറ്റ് ചില വിശദാംശങ്ങളും നല്‍കിയ ശേഷം അപേക്ഷ സബ്‍മിറ്റ് ചെയ്യാം. ഇതിന്റെ പ്രിന്റുമായാണ് ബി.എല്‍.എസ് സെന്ററില്‍ നേരിട്ട് എത്തേണ്ടത്. ബി.എല്‍.എസ് സെന്ററില്‍ നേരിട്ട് ഹാജരായും ഈ അപേക്ഷ നല്‍കാന്‍ സാധിക്കും.

അപേക്ഷയില്‍ സമര്‍പ്പിച്ച വിവരങ്ങളെല്ലാം പരിശോധിച്ച ശേഷമായിരിക്കും എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് അനുവദിക്കുക. യുഎഇയില്‍ 60 ദിര്‍ഹമാണ് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യാനായി ഫീസ് ഈടാക്കുന്നത്.

Read also: പ്രവാസികള്‍ക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരാനുള്ള നടപടികള്‍ എന്തൊക്കെ? എത്ര ചെലവ് വരും?

Follow Us:
Download App:
  • android
  • ios