കൂറ്റൻ ശരീരത്തില്‍ ചുറ്റിവരിഞ്ഞ നിലയിലായിരുന്നു കയര്‍ കണ്ടെത്തിയത്. കയര്‍ ചുറ്റിയത് മൂലം ശ്വാസം കിട്ടാതെ ചത്തതാണെന്നാണ് അധികൃതര്‍ വെളിപ്പെടുത്തിയത്.
മസ്കറ്റ്: ഒമാനിലെ അഷ്ഖാര ബീച്ചില്‍ തിമിംഗലത്തെ ചത്ത നിലയില്‍ കണ്ടെത്തി. തീരത്ത് അടിഞ്ഞ നിലയിലാണ് ചത്ത തിമിംഗലം. ശ്വാസംമുട്ടിയാണ് തിമിംഗലം ചത്തതെന്നാണ് പ്രാഥമിക പരിശോധനയില്‍ വെളിപ്പെട്ടതെന്ന് ഒമാനിലെ പരിസ്ഥിതി അതോറിറ്റി അറിയിച്ചു.
തിമിംഗലത്തിന്‍റെ ശരീരത്തില്‍ ചുറ്റിവരിഞ്ഞ നിലയില്‍ കയര്‍ കണ്ടെത്തിയിരുന്നു. ഇതോടെ ഇതിന് നീങ്ങാനോ ശ്വസിക്കാനോ പോലും പറ്റാതാകുകയും അങ്ങനെ ശ്വാസംകിട്ടാതെ ചത്തതാണെന്നും അധികൃതര്‍ വ്യക്തമാക്കി. കടലില്‍ തള്ളുന്ന മാലിന്യങ്ങള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ വെളിപ്പെടുത്തുന്നതാണ് ഈ സംഭവം. ഉപേക്ഷിക്കുന്ന മത്സ്യബന്ധന വലകളും മറ്റും ജീവജാലങ്ങളെ അപകടത്തിലാക്കുന്നു. സമുദ്രജീവികളുടെ സംരക്ഷണത്തിനായി മാലിന്യങ്ങള്‍ കടലില്‍ തള്ളരുതെന്നും അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

