അടിസ്ഥാന യോഗ്യത നഴ്‍സിങ് ബിരുദമായി നിജപ്പെടുത്തിയതോടെ ഡിപ്ലോമ മാത്രമുള്ള നിരവധിപ്പേര്‍ ജോലി നഷ്ടമാകുമെന്ന ഭീഷണിയിലാണ്. 

ദുബായ്: യുഎഇയില്‍ നഴ്‍സുമാരുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് അധികൃതര്‍ ഏര്‍പ്പെടുത്തിയ പുതിയ നിബന്ധന ആയിരക്കണക്കിന് ഇന്ത്യന്‍ നഴ്‍സുമാര്‍ക്ക് വിനയാവുന്നു. അടിസ്ഥാന യോഗ്യത നഴ്‍സിങ് ബിരുദമായി നിജപ്പെടുത്തിയതോടെ ഡിപ്ലോമ മാത്രമുള്ള നിരവധിപ്പേര്‍ ജോലി നഷ്ടമാകുമെന്ന ഭീഷണിയിലാണ്. 

യുഎഇയിലെ രജിസ്ട്രേഡ് നഴ്‍സുമാര്‍ക്ക് മിനിമം യോഗ്യതയായി നിജപ്പെടുത്തിയിരിക്കുന്നത് നഴ്‍സിങ് ബിരുദമാണ്. ഇതോടെ നിരവധി വര്‍ഷത്തെ തൊഴില്‍ പരിചയവും നഴ്സിങ് ഡിപ്ലോമ മാത്രം യോഗ്യതയുമുള്ള നഴ്സുമാരുടെ തൊഴില്‍ സുരക്ഷയാണ് തുലാസിലായത്. വിവിധ എമിറേറ്റുകളില്‍ ഇതിനോടകം ഇരുനൂറോളം പേര്‍ക്ക് ജോലി നഷ്ടമായി. ജോലി നഷ്ടമാവാത്ത നിരവധി പേരെ തരംതാഴ്ത്തുകയും ചെയ്തു.

ഡിപ്ലോമ മാത്രമുള്ള നഴ്സുമാര്‍ ജോലിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ യുഎഇയിലെ അംഗീകൃത സര്‍വകലാശാലകളില്‍ നിന്ന് പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‍സിങ് കോഴ്സ് പഠിച്ച് പാസാവണം. 2020നകം കോഴ്സ് പൂര്‍ത്തീകരിക്കണമെന്നാണ് നിര്‍ദേശം. ഈ കോഴ്സിന് ചേര്‍ന്ന പലര്‍ക്കും സര്‍കലാശാലകളില്‍ നിന്ന് തുല്യതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതും വിനയായി. പ്രശ്നപരിഹാരത്തിന് എംബസി തലത്തിലുള്ള ശ്രമങ്ങള്‍ വേണമെന്നാണ് നഴ്‍സുമാരുടെ ആവശ്യം.