ഐസിഎഫും,  റൂവി അൽ കൗസർ മദ്‌റസയും ചേർന്നാണ് ഹോട്ടൽ മേഖലയിലെ തൊഴിലാളികൾക്ക് വേണ്ടി ‘കഫെ പൾസ്’ മീലാദ് സംഗമം നടത്തിയത്. മദ്രസ കാലയളവിൽ പഠിച്ച പാട്ടുകള്‍ സദസ്യർക്കു മുന്നിൽ അവതരിപ്പിച്ചും ഗൃഹാതുര ഓർമ്മകളിലേക്കുള്ള മടങ്ങിപ്പോക്ക് കൂടിയായി പരിപാടി. 

മസ്‌കത്ത്: മസ്‌കറ്റിലെ ഭക്ഷണ ശാലകളിൽ പാതിരാത്രിയും കഴിഞ്ഞ് അടുത്ത ദിവസം പുലരുംവരെ പണിയെടുക്കുന്ന ജീവനക്കാർക്ക് നബിദിനത്തിന്റെ നാട്ടോർമകളും പുത്തൻ അനുഭവങ്ങളും ഒരുക്കിക്കൊണ്ട് ‘കഫെ പൾസ്’. പകലന്തിയോളവും പാതിരാത്രി കഴിഞ്ഞും കനത്ത ചൂടിൽ ഒപ്പം ഭക്ഷണം കഴിക്കാൻ വരുന്നവരുടെ തിരക്കും അനുഭവിക്കേണ്ടിവരുന്ന കഫെ, റസ്റ്റോറന്റ്, കോഫി ഷോപ്പ്, ഹോട്ടൽ ജീവനക്കാർ മദ്ഹ് ഗാനങ്ങളും മാപ്പിളപ്പാട്ടുകളും ആലപിച്ചും പറഞ്ഞും ആനന്ദകരമായ നിമിഷങ്ങൾ പങ്കുവെക്കലായിരുന്നു ‘കഫെ പൾസ്’ കൊണ്ട് സംഘാടകർ ഉദ്ദേശിച്ചത്.

ഐസിഎഫും, റൂവി അൽ കൗസർ മദ്‌റസയും ചേർന്നാണ് ഹോട്ടൽ മേഖലയിലെ തൊഴിലാളികൾക്ക് വേണ്ടി ‘കഫെ പൾസ്’ മീലാദ് സംഗമം നടത്തിയത്. മദ്രസ കാലയളവിൽ പഠിച്ച പാട്ടുകള്‍ സദസ്യർക്കു മുന്നിൽ അവതരിപ്പിച്ചും ഗൃഹാതുര ഓർമ്മകളിലേക്കുള്ള മടങ്ങിപ്പോക്ക് കൂടിയായി പരിപാടി. വിശ്രമമില്ലാത്ത ഹോട്ടൽ ജോലിയുടെ വിരസത ഒഴിവാക്കി ഉന്മേഷം സായത്തമാക്കാനും സാധിക്കുന്ന ഇത്തരമൊരു പരിപാടി പ്രവാസ ജീവിതത്തിൽ അപൂർവം ലഭിക്കുന്ന സുന്ദര നിമിഷങ്ങളാണെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

രാവിലെ മുതൽ പാതിരാവോളം ജോലി ചെയ്തു ഉറങ്ങാൻ വേണ്ടി മാത്രം റൂമിലേക്ക് എത്തുന്ന ദിനചര്യയിൽ നിന്നുള്ള ഒരു മുക്തി കൂടിയായി ഈ സംഗമം. നബിദിന ഓർമ്മകൾ പങ്കുവയ്ക്കുന്ന സെഷനിൽ വിവിധ നാടുകളിലെ വ്യത്യസ്തങ്ങളായ നബിദിന പരിപാടികളും മറ്റും ഹോട്ടൽ തൊഴിലാളികൾ പങ്കുവെച്ചത് മറ്റു നാടുകളെ സംബന്ധിച്ച് അറിയാനും പഠിക്കാനുമുള്ള വേദി കൂടിയായി. വിനോദങ്ങൾക്ക്‌ അവസരം ലഭിക്കാത്ത ഹോട്ടൽ തൊഴിലാളികൾക്ക് അവരുടെ ജോലിക്ക് ശേഷമുള്ള സൗകര്യപ്രദമായ സമയത്താണ് പരിപാടി നടത്തിയത്.

മീലാദ് പരിപാടികളിൽ പ്രവാസി സമൂഹത്തിന്റെ നാനാതുറകളിലുള്ളവരെ പങ്കുകൊള്ളിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകർ പറഞ്ഞു. ഇഹ്‌സാൻ എരുമാട് സ്വാഗതം പറഞ്ഞു. മുസ്തഫ കാമിലി അധ്യക്ഷത വഹിച്ചു. പി.വി.എ ഹമീദ് ഉദ്ഘാടനം നിർവഹിച്ചു. ഐ.സി.എഫ് ഇന്റർനാഷനൽ ജന. സെക്രട്ടറി നിസാർ സഖാഫി സന്ദേശ പ്രഭാഷണം നടത്തി. റാസിഖ് ഹാജി, റഫീഖ് സഖാഫി, റഫീഖ് ധർമടം, ജാഫർ ഓടത്തോട് നേതൃത്വം നൽകി. ഖാസിം ചാവക്കാട് നന്ദി പറഞ്ഞു.

Read also:  141 പ്രവാസികള്‍ ഉള്‍പ്പെടെ 325 തടവുകാരെ മോചിപ്പിക്കാന്‍ ഒമാന്‍ ഭരണാധികാരിയുടെ ഉത്തരവ്