അബഹ: സൗദി അറേബ്യയില്‍ അനധികൃത സമൂസ നിര്‍മ്മാണ യൂണിറ്റുകളില്‍ നിന്ന് നിരവധി വിദേശികളെ അറസ്റ്റ് ചെയ്തു. ഖമീസ് മുശൈത്തില്‍ സമൂസ റോള്‍ നിര്‍മ്മാണ യൂണിറ്റുകള്‍ നടത്തിയ വിദേശികളെയാണ് നഗരസഭാ അധികൃതരും സുരക്ഷാ വകുപ്പുകളും ചേര്‍ന്ന് പിടികൂടിയത്.

രണ്ട് സ്ഥലങ്ങളിലാണ് വിദേശികള്‍ വ്യാപാര ആവശ്യത്തിനായി വന്‍തോതില്‍ സമൂസ റോളുകള്‍ നിര്‍മ്മിച്ചതെന്ന് ഖമീസ് മുശൈത്ത് ബലദിയ മേധാവി സുലൈമാന്‍ അല്‍ശഹ്‌റാനി പറഞ്ഞു. ആദ്യത്തെ സമൂസ റോള്‍ നിര്‍മ്മാണ യൂണിറ്റില്‍ നിന്ന് 20ലേറെ തൊഴിലാളികളാണ് പിടിയിലായത്. ഒരു ടണ്ണിലേറെ സമൂസ റോളുകളും സമൂസ റോള്‍ പാക്ക് ചെയ്യുന്നതിനുള്ള രജിസ്റ്റര്‍ ചെയ്യാത്ത പേരും ട്രേഡ് മാര്‍ക്കും പതിച്ച മൂന്നു ലക്ഷം നൈലോണ്‍ കീസുകളും സമൂസ റോള്‍ ശേഖരിക്കുന്നിതിനുള്ള 1,070 കാര്‍ട്ടണുകളും പിടിച്ചെടുത്ത് നശിപ്പിച്ചു.

മറ്റൊരിടത്ത് നിന്ന് അര ടണ്ണിലേറെ സമൂസ റോളുകള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. ഇവിടെ നിന്ന് രജിസ്റ്റര്‍ ചെയ്യാത്ത പേരും ട്രേഡ് മാര്‍ക്കും പതിപ്പിച്ച ഒന്നര ലക്ഷം കീസുകളും 1,784 കാര്‍ട്ടണുകളും കണ്ടെത്തി നശിപ്പിച്ചു. സമൂസ റോള്‍ നിര്‍മ്മാണത്തിലേര്‍പ്പെട്ട തൊഴിലാളികളില്‍ ഒരാളുടെ കയ്യിലും സമൂസ മാവിലും രക്തക്കറ കണ്ടെത്തി. തുടര്‍ നിയമനടപടികള്‍ക്കായി തൊഴിലാളികളെ സുരക്ഷാ വകുപ്പുകള്‍ക്ക് കൈമാറിയതായി 'മലയാളം ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നവര്‍ 940 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് സുലൈമാന്‍ അല്‍ശഹ്‌റാനി ആവശ്യപ്പെട്ടു.