മസ്ക്കറ്റിലെ 16 പ്രമുഖ മലയാളി ഫുട്ബോൾ ടീമുകളാണ് കിരീടത്തിനായി ഏറ്റുമുട്ടുന്നത്

മസ്കറ്റ്: ഒമാനിലെ റിയലെക്സ് ചലഞ്ചേഴ്സ് ട്രോഫിക്കുവേണ്ടിയുള്ള ഉള്ള മൂന്നാമത്തെ ഫുട്ബോൾ ടൂർണമെന്‍റ് നവംബർ 29 വെള്ളിയാഴ്ച മസ്ക്കറ്റിൽ നടക്കും. മുഖ്യാതിഥിയായി ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ എത്തുമെന്ന് സംഘാടകർ അറിയിച്ചു. മസ്ക്കറ്റിലെ 16 പ്രമുഖ മലയാളി ഫുട്ബോൾ ടീമുകളാണ് കിരീടത്തിനായി ഏറ്റുമുട്ടുന്നത്. വൈകുന്നേരം നടക്കുന്ന ഫൈനൽ മത്സരങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നതിനും വിജയികൾക്ക് സമ്മാനദാനം നിർവഹിക്കുന്നതിനുമാണ് ഐ എം വിജയൻ എത്തുന്നത്.

മലയാളികളായ പല ഫുട്ബോൾ താരങ്ങളും പ്രവാസത്തിലേക്ക് ചേക്കേറുന്നതോടെ അവർക്ക് ഫുട്ബോൾ കളി കൈവിട്ടു പോകാറാണ് പതിവ്. അത്തരം പ്രതിഭകളുടെ കഴിവുകൾ വീണ്ടും പരിപോഷിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ഇത്തരം ടൂർണമെന്‍റുകള്‍ സംഘടിപ്പിക്കുന്നതെന്ന് സംഘാടകരായ റിയലെക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എം ഡി ഷാനവാസ് മജീദ് പറഞ്ഞു.

ഫുട്ബോൾ മത്സരങ്ങൾക്ക് പുറമേ വനിതാ കൂട്ടായ്മകൾ അണിനിരക്കുന്ന കലാസാംസ്കാരിക പരിപാടികളും സംഗീത മേളയും ഉണ്ടായിരിക്കുമെന്ന് സൺ ഇൻറീരിയർ എംഡി അക്ബർ പറഞ്ഞു. മസ്ക്കറ്റിലെ അൽ ഹെയ്ലിൽ അൽസൂർ ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടക്കുന്നത്. പ്രമുഖ കോച്ച് സാം എബ്രഹാം, റിയലെക്സ് താരം സെയ്ദും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.