റിയാദ്: റിയാദിൽ നടക്കുന്ന ഗള്‍ഫ് ഉച്ചകോടിയില്‍  ഖത്തർ പ്രശ്നം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സുപ്രധാന പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് സൂചന. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍  ഗൾഫ് സഹകരണ കൗൺസിൽ നേതാക്കളെ സൗദി ഭരണാധികാരി സൽമാൻ രാജാവ് ഔദ്യോഗികമായി ക്ഷണിച്ചു.  

അടുത്തമാസം അഞ്ചിന് ഗള്‍ഫ് ഉച്ചകോടിക്ക് സൗദി തലസ്ഥാനമായ റിയാദ് വേദിയാകും. 41-ാമത് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍  ഗൾഫ് സഹകരണ കൗൺസിൽ നേതാക്കളെ സൗദി ഭരണാധികാരി സൽമാൻ രാജാവ് ഔദ്യോഗികമായി ക്ഷണിച്ചു.  അംഗരാജ്യങ്ങൾക്കിടയിൽ വ്യാപാരവും സാമ്പത്തിക സമന്വയവും സുഗമമാക്കുന്നതിനുള്ള സംഘത്തിന്റെ  ദൗത്യം ചരിത്രത്തിലെ ഏത് സമയത്തേക്കാളും ഇപ്പോഴാണ് പ്രസക്തമാകുന്നതെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. 

പുതിയ സാഹചര്യത്തിൽ ഖത്തർ പ്രശ്നം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സുപ്രധാന പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.  2017 ജൂണിൽ ഖത്തർ പ്രതിസന്ധി ഉടലെടുത്തതിന് ശേഷമുള്ള മൂന്നാമത് ഉച്ചകോടിയാണ് സൗദിയിൽ നടക്കുന്നത്. അംഗരാജ്യങ്ങൾക്കും രാജ്യാന്തര സമൂഹത്തിനും ഇടയിൽ ഏകീകരണം, പരസ്പരബന്ധം, വ്യാപാരം എന്നിവ വർധിപ്പിക്കുന്നതിലാവും ജിസിസി ശ്രദ്ധ കേന്ദ്രീകരിക്കുക. 

ഗൾഫ് സഹകരണം കൂടുതൽ ശക്തിപ്പെടുത്താനുള്ള പരിശ്രമത്തിന് ജിസിസി രാജ്യങ്ങളുടെ നേതാക്കളോട് നന്ദി അറിയിക്കുന്നതായുംകൊവിഡ് കാലത്ത് ഗൾഫ് ജനതയോടുള്ള കടമ നിറവേറ്റുന്നതിലൂടെ സഹകരണ കൗൺസിലിന്റെ കരുത്ത് അറിയിക്കേണ്ടതുണ്ടന്നും  ജിസിസി സെക്രട്ടറി ജനറൽ ഡോ. നായിഫ് ഫലാഹ് അൽ ഹജ്‌റഫ്  പറഞ്ഞു.