റിയാദ്: തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളില്‍ (ലേബര്‍ ക്യാമ്പ്) പാലിക്കേണ്ട നിയമങ്ങള്‍ ലംഘിച്ചാല്‍ കടുത്ത ശിക്ഷ. ഇരുപതോ അതില്‍ കൂടുതലോ തൊഴിലാളികള്‍ ഒന്നിച്ച് താമസിക്കുന്നതിനുള്ള നിബന്ധനകളും ചട്ടങ്ങളും ലംഘിക്കുന്നവര്‍ക്ക് 30 ദിവസത്തെ തടവും പരമാവധി 10 ലക്ഷം പിഴയും ശിക്ഷ നല്‍കുമെന്ന് സൗദി മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയം അറിയിച്ചു.

പകര്‍ച്ചവ്യാധികള്‍, പ്രകൃതിദുരന്തങ്ങള്‍, ഭീകരാക്രമണങ്ങള്‍, യുദ്ധങ്ങള്‍ തുടങ്ങിയ പ്രത്യേക പ്രതിസന്ധികളില്‍ 180 ദിവസം വരെ ജയില്‍ ശിക്ഷ വര്‍ദ്ധിപ്പിച്ചേക്കാം. ലംഘനങ്ങള്‍ ആവര്‍ത്തിച്ചാല്‍ പിഴ സംഖ്യ ഇരട്ടിയുമായേക്കാം. ഇരുപതോ അതില്‍ കൂടുതലോ തൊഴിലാളികളെ ഒന്നിച്ച് പാര്‍പ്പിക്കുന്നതിന് താമസകേന്ദ്രത്തിന് ലൈസന്‍സ് ഉണ്ടായിരിക്കണമെന്ന് മന്ത്രാലയത്തിന്റെ ചട്ടങ്ങള്‍ അനുശാസിക്കുന്നു. തൊഴിലാളികളുടെ അത്തരം താമസസ്ഥലങ്ങള്‍ നിരീക്ഷിക്കുന്നതിനും പരിശോധിക്കുന്നതിനുമായി ആഭ്യന്തര, മുനിസിപ്പല്‍, ഗ്രാമീണകാര്യങ്ങള്‍, ആരോഗ്യം, മാനവ വിഭവശേഷി, സാമൂഹിക വികസനം, ഭവന നിര്‍മാണം എന്നീ മന്ത്രാലയങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സ്ഥിരം സമിതി മന്ത്രാലയം രൂപവത്കരിക്കും.