ദില്ലി: അഞ്ച്​ വർഷത്തിനുള്ളിൽ പ്രവാസി ഇന്ത്യക്കാരാല്‍ ഉപേക്ഷിക്കപ്പെട്ട ഭാര്യമാരുടെ എണ്ണം 6000 എന്ന് കേന്ദ്ര സര്‍ക്കാര്‍. 6000 പരാതികളാണ്​ ഇത് സംബന്ധിച്ച് ലഭിച്ചത് എന്ന്​ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 2015 ജനുവരി മുതൽ 2019 ഒക്​ടോബർ വരെയുള്ള കണക്കാണിത്​. ഈ വർഷം മാത്രം ഒക്​ടോബർ 31 വരെ 991 പരാതികളാണ്​ ഇത്തരത്തിൽ ലഭിച്ചത്​. ലോക്​സഭയിൽ ഉന്നയിക്കപ്പെട്ട ചോദ്യത്തിന്​ വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ്​ മറുപടി നൽകിയത്​.

2015ൽ 796 പരാതികളാണ്​ ലഭിച്ചത്​. 2016ൽ 1510, 2017ൽ 1498, 2018ൽ 1299 എന്നിങ്ങനെയും പരാതികൾ ലഭിച്ചതായി മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ മൂന്ന്​ വർഷങ്ങളിലായി 77 ഇന്ത്യക്കാർ വിവിധ രാജ്യങ്ങളിലായി അക​പ്പെട്ടു പോവുകയോ പിടിക്കപ്പെട്ട്​ തടവിൽ കഴിയുകയോ ചെയ്​തിട്ടുണ്ടെന്നും ലഭ്യമായ വിവരമനുസരിച്ച്​ ഇതിൽ 73 പേരും​​ ഇന്ത്യയിലേക്ക്​ തിരിച്ചെത്തിയാതായും മറ്റൊരു ചോദ്യത്തിനുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു. 

ഒരാൾ തടവിൽ കിടന്ന്​ മരിച്ചു. മറ്റ്​ മൂന്ന്​ പേർ തടവിൽ തുടരുകയാണ്​.​ അവരെ എത്രയും പെ​ട്ടെന്ന്​ രാജ്യത്തേക്ക്​ തിരികെയെത്തിക്കാൻ ഇന്ത്യ ഇടപെടലുകൾ നടത്തി വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഔദ്യോഗിക വിവരമനുസരിച്ച്​, കുടിയേറിയ ജീവനക്കാർ ഉൾപ്പെടെ 4823 ഇന്ത്യക്കാർ ഈ വർഷം ഒക്​ടോബർ 31 വരെ കുവൈത്ത്​, സൗദി അ​റേബ്യ, ബഹ്​റൈൻ, ഖത്തർ, യു.എ.ഇ, ഒമാൻ എന്നീ രാജ്യങ്ങളിലായി​ മരിച്ചിട്ടു​ണ്ട്​. 

2018ൽ ഇത്​ 6014 ആയിരുന്നു​. 2015ൽ 5786​ പേരും 2016ൽ 6013 പേരും 2017ൽ 5906 പേരും ഇത്തരത്തിൽ മരിച്ചിട്ടുണ്ടെന്നും വി. മുരളീധരൻ പറഞ്ഞു.