റിയാദ്: സൗദി അറേബ്യയിൽ 24 മണിക്കൂർ കർഫ്യൂ ഇല്ലാത്ത ബാക്കി ഭാഗങ്ങളിൽ നിരോധനാജ്ഞയുടെ സമയം 15 മണിക്കൂറായി വർധിപ്പിച്ചു. നിലവിൽ വൈകിട്ട് ഏഴ് മുതൽ പിറ്റേന്ന് രാവിലെ ഏഴ് വരെ 11 മണിക്കൂർ കർഫ്യൂ ഉള്ള രാജ്യത്തെ മറ്റ് ഭാഗങ്ങളിലാണ് 15 മണിക്കൂറായി ദീർഘിപ്പിച്ചത്. 

ഇന്ന് (ബുധനാഴ്ച) മുതൽ അനിശ്ചിതകാലത്തേക്കാണ് നിരോധനാജ്ഞ. ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ പിറ്റേന്ന് രാവിലെ ആറുവരെയാണ് ഈ ഭാഗങ്ങളിൽ കർഫ്യൂ. ഈ സമയത്ത് ആരും പുറത്തിറങ്ങാൻ പാടില്ല. വാഹനങ്ങൾ ഓടരുത്. ആരോഗ്യമന്ത്രാലയത്തിന്റെ മുൻകൂർ അനുമതി വാങ്ങിയാൽ രാത്രി 10 വരെ കാറ്ററിം​ഗ് ഭക്ഷണ വിതരണത്തിന് യാത്ര നടത്താം. 

നിലവിൽ 24 മണിക്കൂർ കർഫ്യൂ ഉള്ള റിയാദ്, ദമ്മാം, തബൂക്ക്, ദഹ്റാൻ, ഹുഫൂഫ്, ജിദ്ദ, ത്വാഇഫ്, ഖത്വീഫ്, അൽഖോബാർ എന്നിവ ഒഴികെയുള്ള മുഴുവൻ ഭാഗങ്ങളിലുമാണ് 15 മണിക്കൂർ നിരോധനാജ്ഞ.