2019ല്‍ 731,370 ഗാര്‍ഹിക തൊഴിലാളികളാണ് കുവൈത്തിലുണ്ടായിരുന്നത്.  2021 അവസാനമായപ്പോഴേക്കും ഇത്  591,360 ആയി കുറഞ്ഞു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ മൂന്ന് വര്‍ഷത്തിനിടെ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ വന്‍ കുറവ്. ഈ കാലയളവില്‍ 19 ശതമാനം കുറവാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 140,000 ഗാര്‍ഹിക തൊഴിലാളികള്‍ മൂന്ന് വര്‍ഷത്തിനിടെ കുവൈത്തില്‍ നിന്ന് സ്ഥിരമായി മടങ്ങിപ്പോയെന്ന് പ്രാദേശിക ദിനപ്പത്രത്തെ ഉദ്ധരിച്ച് 'അറബ് ടൈംസ് ഓണ്‍ലൈന്‍' റിപ്പോര്‍ട്ട് ചെയ്തു.

2019ല്‍ 731,370 ഗാര്‍ഹിക തൊഴിലാളികളാണ് കുവൈത്തിലുണ്ടായിരുന്നത്. 2021 അവസാനമായപ്പോഴേക്കും ഇത് 591,360 ആയി കുറഞ്ഞു. കൊവിഡ് മഹാമാരിയുടെ തുടക്കം മുതല്‍ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ കുറവ് ഉണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കൊവിഡ് കാലത്ത് നിരവധി പേര്‍ സ്വദേശങ്ങളിലേക്ക് തിരിച്ചുപോയതാണ് ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ കുത്തനെയുള്ള കുറവിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. 

ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം രണ്ട് മക്കളെയുമായി പ്രവാസി നാട്ടിലേക്ക് മടങ്ങി

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം രണ്ട് മക്കളെയുമായി പ്രവാസി നാട്ടിലേക്ക് മടങ്ങി. ഞായറാഴ്‍ച മെഹ്‍ബുലയിലായിരുന്നു സംഭവം. ഈജിപ്‍തുകാരനായ 46 വയസുകാരന്‍ ഫിലിപ്പൈനിയായ ഭാര്യയെയാണ് ശ്വാസം മുട്ടിച്ച് കൊന്നത്.

പതിനാറ് വയസുകാരനായ മകനും 17 വയസുകാരിയായ മകള്‍ക്കുമൊപ്പമാണ് ഇയാള്‍ കൊലപാതകത്തിന് ശേഷം നാട്ടിലേക്ക് പോയത്. ദമ്പതികളുടെ മറ്റൊരു മകനെ നഴ്‍സറിയിലാക്കുകയും ചെയ്‍തു. കുട്ടികളോടൊപ്പം യാത്ര ചെയ്യുകയായിരുന്നതിനാല്‍ അധികൃതര്‍ക്ക് സംശയം തോന്നാതെ തന്നെ ഇയാള്‍ക്ക് നാടുവിടാനുമായി. കുവൈത്തില്‍ നിന്ന് പോയി മണിക്കൂറുകള്‍ക്ക് ശേഷമാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

പ്രതി തന്നെയാണ് കൊലപാതക വിവരം പിന്നീട് മറ്റൊരു പ്രവാസിയെ വാട്സ്ആപ് മെസേജിലൂടെ അറിയിച്ചത്. തന്റെ അപ്പാര്‍ട്ട്മെന്റിനുള്ളില്‍ ഭാര്യ മരിച്ചുകിടിക്കുന്നുണ്ടെന്നും അധികൃതരെ വിവരമറിയിക്കണമെന്നും കാണിച്ച് അവിടുത്തെ സെക്യൂരിറ്റി ജീവനക്കാരായ പ്രവാസിക്കാണ് പ്രതി വോയിസ് മെസേജ് അയച്ചത്.

സന്ദേശം ലഭിച്ചയുടന്‍ തന്നെ സെക്യൂരിറ്റി ജീവനക്കാരന്‍ ആഭ്യന്തര മന്ത്രാലത്തെ വിവരമറിയിച്ചു. ഇതനുസരിച്ച് അഹ്‍മദി സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെതതി അപ്പാര്‍ട്ട്മെന്റില്‍ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ച പാടുകളുണ്ടായിരുന്നു. മരണത്തിന് കാരണമായ യഥാര്‍ത്ഥ വസ്‍തുതകള്‍ കണ്ടെത്താന്‍ മൃതദേഹം ഫോറന്‍സിക് പരിശോധനയ്‍ക്കായി മാറ്റി. 

ദമ്പതികള്‍ തമ്മില്‍ കാര്യമായ പ്രശ്നങ്ങളൊന്നും ഉള്ളതായി ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നാണ് അയല്‍വാസികള്‍ പറഞ്ഞത്. വഴക്കോ മറ്റോ ഉണ്ടാക്കുന്നത് കേട്ടിട്ടില്ലെന്നും ഇവര്‍ അറിയിച്ചു. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. അതേസമയം ഈജിപ്‍ഷ്യന്‍ അധികൃതരുമായി ബന്ധപ്പെട്ട് ഇയാളെ അറസ്റ്റ് ചെയ്‍ത് കുവൈത്തിലെത്തിക്കാനുള്ള ശ്രമവും തുടങ്ങി. കുറ്റവാളികളെ കൈമാറാന്‍ ഈജിപ്‍തും കുവൈത്തും തമ്മില്‍ സുരക്ഷാ കരാര്‍ നിലവിലുണ്ട്.