ആദ്യ വിമാനത്തിലെ യാത്രക്കാരെ ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനിയുടെയും ഇന്റിഗോയുടെയും വേള്‍ഡ് ട്രാവല്‍ സര്‍വീസസിന്റെയും പ്രതിനിധികള്‍ ചേര്‍ന്ന് സ്വീകരിച്ചു.

മനാമ: മുംബൈയില്‍ നിന്ന് ബഹ്റൈനിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് തുടക്കം കുറിച്ച് ഇന്റിഗോ. ഉദ്ഘാടന സര്‍വീസായി ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെത്തിയ വിമാനത്തിന്, ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനി ഗംഭീര സ്വീകരണമൊരുക്കി. റണ്‍വേയില്‍ നിന്ന് ടെര്‍മിനലിലേക്ക് വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് വിമാനത്തെ ആനയിച്ചത്.

ആദ്യ വിമാനത്തിലെ യാത്രക്കാരെ ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനിയുടെയും ഇന്റിഗോയുടെയും വേള്‍ഡ് ട്രാവല്‍ സര്‍വീസസിന്റെയും പ്രതിനിധികള്‍ ചേര്‍ന്ന് സ്വീകരിച്ചു. 'പുതിയ പാസഞ്ചര്‍ ടെര്‍മിനല്‍ തുറന്നതോടെ കൂടുതല്‍ വിമാനക്കമ്പനികളെ സ്വീകരിക്കാന്‍ തങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞതായി' ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനി ചീഫ് കൊമേഴ്‍സ്യല്‍ ഓഫീസര്‍ അയ്‍മന്‍ സൈനല്‍ പറഞ്ഞു. ലോകത്തിലെ വിവിധ നഗരങ്ങളുമായി ബഹ്റൈനെ ബന്ധിപ്പിക്കുന്ന പുതിയ റൂട്ടുകള്‍ ആരംഭിക്കാന്‍ തങ്ങളുടെ പങ്കാളികളുമായി ചേര്‍ന്ന് ഒരുക്കങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ചരിത്രപരമായ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇന്റിഗോയുടെ പുതിയ സര്‍വീസിന് സാധിക്കും. വ്യാപാര ആവശ്യങ്ങള്‍ക്കും വിനോദ യാത്രകള്‍ക്കും ഉള്‍പ്പെടെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പുതിയ സര്‍വീസ് കൂടുതല്‍ സൗകര്യപ്രദമായിരിക്കുമെന്നും അയ്‍മന്‍ സൈനല്‍ പറഞ്ഞു. അതേസമയം തങ്ങളുടെ 25-ാമത്തെ അന്താരാഷ്‍ട്ര ഡെസ്റ്റിനേഷനായി മാറിയതായി ഇന്റിഗോ ചീഫ് സ്ട്രാറ്റജി ആന്റ് റവന്യൂ ഓഫീസര്‍ സഞ്ജയ് കുമാര്‍ പറഞ്ഞു.

Read also: ബഹ്റൈനില്‍ ഓഗസ്റ്റ് 8, 9 തീയ്യതികളില്‍ അവധി പ്രഖ്യാപിച്ചു

ഒമാനില്‍ പൊലീസ് ചമഞ്ഞ് അപ്പാര്‍ട്ട്മെന്റില്‍ കയറി മര്‍ദനം; രണ്ട് പേര്‍ അറസ്റ്റില്‍
മസ്‍കത്ത്: ഒമാനില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‍തു. പൊലീസുകാരെന്ന വ്യാജേന അപ്പാര്‍ട്ട്മെന്റില്‍ കയറി അവിടെയുണ്ടായിരുന്ന താമസക്കാരെ മര്‍ദിക്കുകയും ശേഷം അവിടെ നിന്ന് മോഷണം നടത്തുകയും ചെയ്‍ത സംഭവത്തിലാണ് റോയല്‍ ഒമാന്‍ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്‍തത്.

സൗത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലായിരുന്നു സംഭവം. ഒരു അപ്പാര്‍ട്ട്മെന്റില്‍ കയറി അവിടെയുണ്ടായിരുന്ന രണ്ട് പേരെ പ്രതികള്‍ തടഞ്ഞുവെയ്‍ക്കുകയും മര്‍ദിക്കുകയും ചെയ്‍തതായി റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ ഓണ്‍ലൈന്‍ പ്രസ്‍താവനയില്‍ പറയുന്നു. പൊലീസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് അപ്പാര്‍ട്ട്മെന്റില്‍ മോഷണം നടത്തുകയും ചെയ്‍തു. അറസ്റ്റിലായ രണ്ട് പേര്‍ക്കുമെതിരെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിയിച്ചിട്ടുണ്ട്.

Read also: കുവൈത്തില്‍ നാടുകടത്താന്‍ കൊണ്ടുപോയ പ്രവാസി രക്ഷപ്പെട്ടു; രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍

അൽ ഖ്വയ്ദ തലവൻ അയ്‍മൻ അൽ സവാഹിരിയുടെ വധം; സ്വാഗതം ചെയ്‍ത് സൗദി അറേബ്യ
റിയാദ്: അൽ ഖ്വയ്ദ തലവൻ അയ്‍മൻ അൽ സവാഹിരിയെ കൊലപ്പെടുത്തിയെന്ന അമേരിക്കയുടെ പ്രഖ്യാപനം സ്വാഗതം ചെയ്‍ത് സൗദി അറേബ്യ. ചൊവ്വാഴ്‍ച സൗദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയിലാണ് ഇക്കാര്യം അറിയിച്ചത്. 'അമേരിക്കയിലും സൗദി അറേബ്യയിലും ലോകത്തെ മറ്റ് നിരവധി രാജ്യങ്ങളിലും ക്രൂരമായ തീവ്രവാദ ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുകയും അവ നടപ്പാക്കുകയും ചെയ്‍ത തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ നേതാവായാണ് സവാഹിരിയെ കണക്കാക്കുന്നതെന്ന്' സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

'സൗദി പൗരന്മാര്‍ ഉള്‍പ്പെടെ വിവിധ രാജ്യക്കാരും വിവിധ മതവിശ്വാസികളുമായ ആയിരക്കണക്കിന് നിരപരാധികളായ ജനങ്ങളെയാണ് തീവ്രവാദ ആക്രമണങ്ങളിലൂടെ കൊലപ്പെടുത്തിയതെന്നും' സൗദി അറേബ്യ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. തീവ്രവാദം തടയാനും തുടച്ചുനീക്കാനും അന്താരാഷ്‍ട്ര സഹകരണവും ശക്തമായ നടപടികളും വേണ്ടതിന്റെ ആവശ്യകതയ്ക്ക് സൗദി അറേബ്യ ഊന്നല്‍ നല്‍കുന്നു. തീവ്രവാദ സംഘടനകളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാന്‍ എല്ലാ രാജ്യങ്ങളും പരസ്‍പരം സഹകരിക്കണമെന്നും സൗദി അറേബ്യ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.