Asianet News MalayalamAsianet News Malayalam

നാടുകടത്താന്‍ കൊണ്ടുപോയ പ്രവാസി രക്ഷപ്പെട്ടു; രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍

ഒരു പ്രവാസിയെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ടാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് പിഴവ് സംഭവിച്ചത്. മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ഇയാളെ നാടുകടത്താനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നു. 

Two policemen from Kuwait deportation center arrested for interrogation
Author
Kuwait City, First Published Aug 2, 2022, 6:24 PM IST

കുവൈത്ത് സിറ്റി: കുവൈത്തിലെ നാടുകടത്തല്‍ കേന്ദ്രത്തില്‍ ജോലിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാരെ അറസ്റ്റ് ചെയ്‍തു. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്‍ച വരുത്തിയതിനാണ് നടപടിയെന്ന് പ്രാദേശിക മാധ്യമമായ അല്‍ അന്‍ബ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു. തുടരന്വേഷണത്തിനായി രണ്ട് പൊലീസുകാരെയും അധികൃതര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്‍തു.

ഒരു പ്രവാസിയെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ടാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് പിഴവ് സംഭവിച്ചത്. മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ഇയാളെ നാടുകടത്താനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നു. ശേഷം സ്വന്തം രാജ്യത്തേക്കുള്ള വിമാനത്തില്‍ ഇയാളെ കയറ്റി വിടാനായി രണ്ട് പൊലീസുകാര്‍ കൊണ്ടുപോകുന്നതിനിടെ യുവാവ് രക്ഷപ്പെട്ടു. പൊലീസുകാരുടെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട ഇയാള്‍ ഒരു ടാക്സി വാഹനത്തില്‍ കയറി ജലീബ് അല്‍ ശുയൂഖിലേക്ക് കടന്നുകളയുകയായിരുന്നു.

ജലീബ് അല്‍ ശുയൂഖില്‍ താമസിച്ചിരുന്ന ചില ബന്ധുക്കളുടെ അടുത്തേക്കാണ് യുവാവ് പോയത്. എന്നാല്‍ പൊലീസ് നടത്തിയ വ്യാപക അന്വേഷണത്തില്‍  മിനിറ്റുകള്‍ക്കകം തന്നെ ഇയാളെ വീണ്ടും പിടികൂടി നാടുകടത്തല്‍ കേന്ദ്രത്തില്‍ തന്നെ തിരികെ എത്തിക്കാന്‍ സാധിച്ചു. യുവാവ് എങ്ങനെ രക്ഷപ്പെട്ടു എന്ന് കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Read also: ലഗേജില്‍ രണ്ട് സാന്‍ഡ് വിച്ച് കൊണ്ടുവന്നു; യാത്രക്കാരന് വിമാന ടിക്കറ്റിനേക്കാള്‍ ഉയര്‍ന്ന തുക പിഴ

അൽ ഖ്വയ്ദ തലവൻ അയ്‍മൻ അൽ സവാഹിരിയുടെ വധം; സ്വാഗതം ചെയ്‍ത് സൗദി അറേബ്യ

റിയാദ്: അൽ ഖ്വയ്ദ തലവൻ അയ്‍മൻ അൽ സവാഹിരിയെ കൊലപ്പെടുത്തിയെന്ന അമേരിക്കയുടെ പ്രഖ്യാപനം സ്വാഗതം ചെയ്‍ത് സൗദി അറേബ്യ. ചൊവ്വാഴ്‍ച സൗദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയിലാണ് ഇക്കാര്യം അറിയിച്ചത്. 'അമേരിക്കയിലും സൗദി അറേബ്യയിലും ലോകത്തെ മറ്റ് നിരവധി രാജ്യങ്ങളിലും ക്രൂരമായ തീവ്രവാദ ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുകയും അവ നടപ്പാക്കുകയും ചെയ്‍ത തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ നേതാവായാണ് സവാഹിരിയെ കണക്കാക്കുന്നതെന്ന്' സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

'സൗദി പൗരന്മാര്‍ ഉള്‍പ്പെടെ വിവിധ രാജ്യക്കാരും വിവിധ മതവിശ്വാസികളുമായ ആയിരക്കണക്കിന് നിരപരാധികളായ ജനങ്ങളെയാണ് തീവ്രവാദ ആക്രമണങ്ങളിലൂടെ കൊലപ്പെടുത്തിയതെന്നും' സൗദി അറേബ്യ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. തീവ്രവാദം തടയാനും തുടച്ചുനീക്കാനും അന്താരാഷ്‍ട്ര സഹകരണവും ശക്തമായ നടപടികളും വേണ്ടതിന്റെ ആവശ്യകതയ്ക്ക് സൗദി അറേബ്യ ഊന്നല്‍ നല്‍കുന്നു. തീവ്രവാദ സംഘടനകളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാന്‍ എല്ലാ രാജ്യങ്ങളും പരസ്‍പരം സഹകരിക്കണമെന്നും സൗദി അറേബ്യ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

അയ്മൻ അൽ സവാഹിരിയെ അഫ്‍ഗാനിസ്ഥാനില്‍ വ്യോമ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡനാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സി.ഐ.എ കാബൂളിൽ നടത്തിയ ഡ്രോൺ ആക്രമണത്തിലായിരുന്നു  അയ്മൻ അൽ സവാഹിരിയുടെ അന്ത്യമെന്നാണ് അമേരിക്ക അറിയിച്ചിരിക്കുന്നത്. സവാഹിരിയെ വധിച്ചതോടെ നീതി നടപ്പായെന്ന് ബൈഡൻ അഭിപ്രായപ്പെട്ടു. 2001 സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിലെ മുഖ്യ സൂത്രധാരനായിരുന്നു സവാഹിരി.

അഫ്‍ഗാനിലെ രഹസ്യ താവളത്തിൽ കഴിയുകയായിരുന്ന അയ്മൻ അൽ സവാഹിരിക്കുമേൽ അമേരിക്കയുടെ ഡ്രോണിൽ നിന്ന് വിക്ഷേപിച്ച രണ്ട് മിസൈലുകൾ പതിക്കുകയായിരുന്നുവെന്നും ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഈ ആക്രമണം നടന്നതെന്നും അമേരിക്ക അറിയിച്ചിട്ടുണ്ട്. 2020ൽ സവാഹിരി മരിച്ചെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും പിന്നീട് സവാഹിരി ജീവിച്ചിരിപ്പുണ്ടെന്ന് സൂചിപ്പിക്കുന്ന വീഡിയോ പ്രത്യക്ഷപ്പെടുകയായിരുന്നു.

Read also:  സൗദിയിലെ വിസ്മയ നഗരം 'ദി ലൈനി'നെ കുറിച്ചറിയാന്‍ പ്രദര്‍ശനം

Follow Us:
Download App:
  • android
  • ios