റിയാദ്: സൗദി അറേബ്യയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് ഇന്ത്യാക്കാരുൾപ്പെടെ അഞ്ചുപേർ മരിച്ചു. വെള്ളിയാഴ്ചയുണ്ടായ അപകടത്തിൽ മരിച്ചവരുടെ വിവരം ഞായറാഴ്ചയാണ് പുറത്തറിഞ്ഞത്. റിയാദിൽ നിന്ന് 300 കിലോമീറ്ററകലെ ദവാദ്മി - അൽഖസീം റോഡിൽ പെട്രോൾ ടാങ്കറും പിക്കപ്പ് വാനും കുട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ രണ്ട് പാക് സ്വദേശികളും ഒരു ബംഗ്ലാദേശിയും മരിച്ചു. 

ബുറൈദയിൽ നിന്ന് പെട്രോളുമായി വരികയായിരുന്ന ടാങ്കർ ദവാദ്മി എത്തുന്നതിന് 100 കിലോമീറ്റർ മുമ്പ് നെഫി എന്ന സ്ഥലത്ത് വെച്ചാണ് എതിർദിശയിൽ നിന്ന് വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചത്. ഇരുദിശകളിലേക്കും ഗതാഗതമുള്ള സിംഗിൾ റോഡാണ് ഇത്. വെള്ളിയാഴ്ച പകലായിരുന്നു സംഭവം. നെഫി മുനിസിപ്പാലിറ്റിയിലെ ശുചീകരണ തൊഴിലാളികളാണ് പിക്കപ്പ് വാനിലുണ്ടായിരുന്നത്. 

മരിച്ച പാകിസ്താനികളും ബംഗ്ലാദേശിയും മുനിസിപ്പാലിറ്റി ജീവനക്കാരാണ്. ടാങ്കറിലുണ്ടായിരുന്നവരാണ് ഇന്ത്യാക്കാരെന്നുമാണ് വിവരം. മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്ന ദവാദ്മി ജനറൽ ആശുപത്രി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. മരിച്ചവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

മുഹമ്മദ് ഇല്യാസ്, ആമി സനക റാം എന്നിവരാണ് മരിച്ച ഇന്ത്യാക്കാരായി ആശുപത്രി രേഖകളിൽ കാണുന്നതെന്നും മോർച്ചറിയിലെത്തിയ ദവാദ്മിയിലെ മലയാളി സാമൂഹിക പ്രവർത്തകൻ പറഞ്ഞു. ഇവര്‍ ഏത് സംസ്ഥാനക്കാരാണെന്ന് അറിവായിട്ടില്ല. അപകടത്തിൽ ഇരുവാഹനങ്ങളും പാടെ തകർന്നിരുന്നു. അഞ്ചുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. പൊലീസാണ് മൃതദേഹങ്ങൾ ദവാദ്മി ആശുപത്രി മോർച്ചറിയിലെത്തിച്ചത്.