റിയാദ്: സൗദിയിൽ നിന്ന് വിദേശികളയക്കുന്ന പണത്തിൽ വർദ്ധന. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം സെപ്റ്റംബറിൽ വിദേശികളയച്ച പണത്തിൽ 28.6 ശതമാനത്തിന്റെ വർദ്ധന രേഖപ്പെടുത്തിയതായി  സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി.

സൗദിയിൽ ജോലിചെയ്യുന്ന വിദേശികൾ കഴിഞ്ഞ മാസം സ്വദേശത്തേക്ക് അയച്ചത് 1321 കോടി റിയാലാണെന്ന് കേന്ദ്ര ബാങ്കായ സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 28.6 ശതമാനത്തിന്റെ വർദ്ധനയാണിത്. ജനുവരി മുതൽ സെപ്റ്റംബർ അവസാനം വരെയുള്ള കാലയളവിൽ വിദേശികളയച്ചത് 11024 കോടി സൗദി റിയാലാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ചു 18.5 ശതമാനത്തിന്റെ വർദ്ധനയാണിത്.

നാലു വർഷമായി വിദേശികളയാക്കുന്ന പണത്തിൽ കുറവാണ് രേഖപ്പെടുത്തിയിരുന്നത്. കഴിഞ്ഞ വർഷമാണ് ഇതിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. എന്നാൽ ഈ വർഷം കൊവിഡ് പ്രതിസന്ധിയിലും വിദേശികളുടെ റെമിറ്റൻസിൽ വർദ്ധനവ് രേഖപ്പെടുത്തിയത് സാമ്പത്തിക രംഗത്ത് പ്രതീക്ഷ നൽകുന്നതാണ്.