"ഞങ്ങള്‍ അവരെ സൗദി അറേബ്യയുടെ ഭാഗമായാണ് കണക്കാക്കുന്നത്. ഞങ്ങള്‍ ഞങ്ങളുടെ പൗരന്മാരെ കാണുന്നതും സംരക്ഷിക്കുന്നതും പോലെയാണ് അവരെയും സംരക്ഷിക്കുന്നത്. ഈ കൗണ്‍സില്‍ നമ്മുടെ ജനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് ഞാന്‍ കരുതുകയും നമുക്ക് എല്ലാ വിജയവും ആശംസിക്കുകയും ചെയ്യുന്നു" - മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. 

ന്യൂഡല്‍ഹി: സൗദി അറേബ്യയിലെ ഇന്ത്യന്‍ സമൂഹം രാജ്യത്തിന് നല്‍കിയ ശ്രദ്ധേയമായ സംഭാവനകള്‍ അനുസ്മരിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. സൗദി ജനസംഖ്യയുടെ ഏഴ് ശതമാനവും ഇന്ത്യന്‍ വംശജരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച ന്യൂഡല്‍ഹിയില്‍ നടന്ന സൗദി - ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൗദി അറേബ്യയിലെ ഇന്ത്യക്കാരെ രാജ്യത്തിന്റെ അവിഭാജ്യ ഘടകമായാണ് കാണുന്നതായും അവരുടെ ക്ഷേമം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. "ഞങ്ങള്‍ അവരെ സൗദി അറേബ്യയുടെ ഭാഗമായാണ് കണക്കാക്കുന്നത്. ഞങ്ങള്‍ ഞങ്ങളുടെ പൗരന്മാരെ കാണുന്നതും സംരക്ഷിക്കുന്നതും പോലെയാണ് അവരെയും സംരക്ഷിക്കുന്നത്. ഈ കൗണ്‍സില്‍ നമ്മുടെ ജനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് ഞാന്‍ കരുതുകയും നമുക്ക് എല്ലാ വിജയവും ആശംസിക്കുകയും ചെയ്യുന്നു" - മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. 

Read also:  ഇന്ത്യക്കും സൗദിക്കും സന്തോഷം, സൗദി കിരീടാവകാശിയുടെ സന്ദർശനത്തിൽ 8 സുപ്രധാനകരാറുകളിൽ ഒപ്പുവച്ചു

ജി20 ഉച്ചകോടിയുടെ വിജയകരമായ നടത്തിപ്പിന് ഇന്ത്യന്‍ നേതാക്കളെ സൗദി കിരീടാവകാശി അഭിനന്ദിച്ചു. മിഡില്‍ ഈസ്റ്റിനെയും യൂറോപ്പിനെയും ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന സാമ്പത്തിക ഇടനാഴി ഉള്‍പ്പെടെയുള്ള പദ്ധതികള്‍ സാക്ഷാത്കരിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം മുന്നോട്ടുവെച്ചു. "അത് യാഥാര്‍ത്ഥ്യമാക്കാനുള്ള ആത്മാര്‍ത്ഥമായ പരിശ്രമങ്ങള്‍ നമ്മളില്‍ നിന്ന് ഉണ്ടാവേണ്ടതുണ്ടെന്ന്" അദ്ദേഹം പറഞ്ഞു. 

ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ ചരിത്രത്തില്‍ എവിടെയും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടില്ലെന്നും മറിച്ച് രണ്ട് രാജ്യങ്ങളുടെയും ക്ഷേമം മുന്‍നിര്‍ത്തിയുള്ള നിരന്തര സഹകരണം മാത്രമായിരുന്നു എക്കാലത്തും ഉണ്ടായിരുന്നതെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ചൂണ്ടിക്കാട്ടി. അതേസമയം യോഗത്തില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ ഊര്‍ജ സുരക്ഷ, വാണിജ്യം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, ആരോഗ്യം, ഭക്ഷ്യ സുരക്ഷ, സാംസ്‍കാരികം, സാമൂഹിക ക്ഷേമം തുടങ്ങിയ മേഖലകളിലെല്ലാം ഉഭയകക്ഷി സഹകരണ സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്തു. 

" ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു പങ്കാളിയായാണ് സൗദി അറേബ്യയെ കാണുന്നതെന്ന്" നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ കൂടുതല്‍ ബന്ധങ്ങളിലേക്ക് എത്തിച്ചേരുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. സൗദി അറേബ്യയിലെ ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതില്‍ മുഹമ്മദ് ബിന്‍ സല്‍മാനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിക്കുകയും ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്