എണ്ണ, പ്രകൃതി വാതക വ്യവസായത്തിലാണ് സൗദിയുടെ നിക്ഷേപം ഇരുരാജ്യങ്ങളും തന്ത്രപ്രധാന പങ്കാളികളായതോടെ യോജിച്ചുള്ള വാണിജ്യ സംരംഭങ്ങളിലേക്ക് സുപ്രധാന ചുവടുവെപ്പാവുകയാണിത്.

റിയാദ്: ഇന്ത്യയുടെ എണ്ണ, പ്രകൃതി വാതക വ്യവസായത്തില്‍ സൗദി അറേബ്യ ഉടന്‍ 100 ശതകോടി ഡോളര്‍ മുതല്‍മുടക്കും. നിലവില്‍ 30 ശതകോടി ഡോളറിന്റെ നിക്ഷേപം മാത്രമായിരുന്നു ഇന്ത്യയില്‍ സൗദിക്കുള്ളത്. എന്നാല്‍ റിഫൈനറി മേഖലയില്‍ പുതുതായി 100 ശതകോടി ഡോളര്‍ മുടക്കിക്കൊണ്ട് സൗദി, കൂടുതല്‍ ഉറ്റ വാണിജ്യ ബന്ധം ഇന്ത്യയുായി സ്ഥാപിക്കുകയാണ്. കേവലം ഉഭയകക്ഷി സൗഹൃദത്തിനപ്പുറം സമസ്ത രംഗങ്ങളിലും തമ്മില്‍ കൈകോര്‍ക്കുന്ന തന്ത്രപ്രധാന പങ്കാളികളായി മാറിയതോടെ യോജിച്ചുള്ള വ്യാപാര സംരംഭങ്ങളിലേക്ക് സുപ്രധാന ചുവടുവെപ്പുകള്‍ ആരംഭിച്ചിരിക്കുകയാണ്. ഇത് അരക്കിട്ടുറപ്പിക്കുന്ന 12 നിര്‍ണായക ഉടമ്പടികളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച സൗദിയില്‍ നടത്തിയ ഏകദിന സന്ദര്‍ശനത്തിനിടെ ഒപ്പുവെച്ചത്.

പ്രതിരോധ വ്യവസായം,വ്യോമ ഗതാഗതം, സുരക്ഷാ സഹകരണം തുടങ്ങിയ സുപ്രധാന വിഷയങ്ങളിലുള്‍പ്പെടെയുള്ള ഉടമ്പടികളാണ് ഇന്ത്യയും സൗദിയും ഒപ്പുവെച്ചത്. തന്ത്രപ്രധാന സഹകരണം കൈകാര്യം ചെയ്യുന്ന സമിതിയായ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ (എസ്.പി.സി) സംബന്ധിച്ച രേഖകളില്‍ പ്രധാനമന്ത്രിയും സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും ഒപ്പിട്ടു. പുനരുപയോഗ ഊര്‍ജ ഉത്പാദന രംഗത്തെ സഹകരണത്തിനുള്ള ധാരണാപത്രത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദും സൗദി ഊര്‍ജ മന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ അല്‍സൗദും ഒപ്പിട്ടു. സുരക്ഷാ രംഗത്തെ സഹകരണത്തിനുള്ള ഉടമ്പടി ഇന്ത്യന്‍ വിദേശകാര്യാലയത്തിലെ വാണിജ്യ ബന്ധങ്ങള്‍ക്കായുള്ള സെക്രട്ടറി ടി.എസ് തൃമൂര്‍ത്തിയും സൗദി ആഭ്യന്തര മന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സഊദ് ബിന്‍ നായിഫ് അല്‍ സഊദും ഒപ്പുവെച്ചു. 

നിയമവിരുദ്ധ മനുഷ്യക്കടത്ത്, മയക്കുമരുന്ന്, ലഹരി പദാര്‍ഥങ്ങര്‍, ഹാനികരമായ രാസവസ്തുക്കള്‍ എന്നിവയുടെ കടത്ത് തടയാനുള്ള ധാരണാപത്രം അംബാസഡര്‍ ഡോ. ഔസാഫ് സഈദും സൗദി ആഭ്യന്തരമന്ത്രിയും ഒപ്പുവെച്ചു. പ്രതിരോധ ഉപകരണങ്ങളുടെ ഉത്പാദനത്തിനും പ്രതിരോധ രംഗത്തെ വിവിധ മേഖലകളിലെ സംയുക്ത സഹകരണത്തിനും വേണ്ടിയുള്ള കരാര്‍ ഒപ്പിട്ടത് സെക്രട്ടറി ടി.എസ് തൃമൂര്‍ത്തിയും സൗദി മിലിട്ടറി ഇന്‍ഡസ്ട്രീസ് ജനറര്‍ അതോറിറ്റി (ഗാമി) ഗവര്‍ണര്‍ അഹമ്മദ് അല്‍ ഒഹാലി എന്നിവരാണ്. സിവില്‍ ഏവിയേഷന്‍ ധാരണാപത്രം ഡോ. ഔസാഫ് സഈദും സൗദി സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി പ്രസിഡന്റ് അബ്ദുല്‍ ഹാദി അല്‍ മന്‍സൂരിയും ഒപ്പുവെച്ചു. ഔഷധങ്ങളുടെ ഉത്പാദന-വിതരണ രംഗത്തെ നിയന്ത്രണത്തിന് ഇന്ത്യന്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലെ സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനും സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയും (എസ്.എഫ്.ഡി.എ) തമ്മിലെ സഹകരണ കരാറില്‍ ടി.എസ് തൃമൂര്‍ത്തിയും എസ്.എഫ്.ഡി.എ ഹിഷാം അല്‍ജദായിയും ഒപ്പുവെച്ചു. 

ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ പ്രോത്സാഹനത്തിനായി ഇന്ത്യയുടെ അടല്‍ ഇന്നൊവേഷന്‍ മിഷന്‍, നീതി ആയോഗ് എന്നിവയും സൗദി സ്മോള്‍ ആന്റ് മീഡിയം എന്റര്‍പ്രൈസസ് ജനറല്‍ അതോറിറ്റിയും (മുന്‍ഷാഅത്ത്) യോജിച്ച് പ്രവര്‍ത്തിക്കാനുള്ള ഉടമ്പടിയില്‍ ഇന്ത്യന്‍ അംബാസഡറും മുന്‍ഷാഅത്ത് ഗവര്‍ണര്‍ എന്‍ജി. സാലെഹ് അല്‍ റഷീദും ഒപ്പിട്ടു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന് കീഴിലെ ഫോറിന്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യുട്ടും സൗദി വിദേശകാര്യ മന്ത്രാലയത്തിന് കീഴിലെ അമീര്‍ സഊദ് അല്‍ ഫൈസല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിപ്ലോമാറ്റിക് സ്റ്റഡീസും (ഐ.ഡി.എസ്) സഹകരിക്കാനുള്ള കരാറിര്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദും ഐ.ഡി.എസ് ഡയറക്ടര്‍ ജനറല്‍ ഡോ. അബ്ദുല്ല ബിന്‍ ഹമദ് അല്‍സലാമയും ഒപ്പുവെച്ചു. ഇന്ത്യന്‍ സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ് ലിമിറ്റസും (ഐ.എസ്.പി.ആര്‍.എല്‍) സൗദി അരാംകോയും തമ്മില്‍ സഹകരണത്തിനുള്ള കരാര്‍ ഐ.എസ്.പി.ആര്‍.എല്‍ സി.ഇ.ഒ എച്ച്.പി.എസ് അഹുജയും അരാംകോ വൈസ് പ്രസിഡന്റ് അഹമ്മദ് അല്‍സുബാഇയും ഒപ്പിട്ടു. 

ഇന്ത്യന്‍ നാഷനല്‍ സ്റ്റോക്ക് എക്സ്ചേഞ്ചും (എന്‍.എസ്.ഇ) സൗദി സ്റ്റോക്ക് എക്സ്ചേഞ്ചും (തദാവുല്‍) തമ്മിലെ സഹകരണത്തിനുള്ള ധാരണാപത്രം എന്‍.എസ്.ഇ മാനേജിങ് ഡയറക്ടര്‍ വിക്രം ലിമാവെയും തദാവുല്‍ സി.ഇ.ഒ എന്‍ജി. ഖാലിദ് അല്‍ ഹസനും ഒപ്പിട്ടു. ഇന്ത്യയുടെ നാഷനല്‍ പേയ്മെന്റ്‍സ് കോര്‍പറേഷനും (എന്‍.പി.സി.ഐ) സൗദി പേയ്മെന്റ്സും തമ്മിലുള്ള സഹകരണ കരാര്‍ എന്‍.പി.സി.ഐ ചീഫ് ഡിജിറ്റല്‍ ഓഫീസര്‍ ആരിഫ് ഖാനും സൗദി പേയ്മെന്റ്‍സ് എം.ഡി സിയാദ് അല്‍ യൂസുഫും ഒപ്പിട്ടു.