ഡോളര്‍ ഉള്‍പ്പെടെ മറ്റൊരു കറന്‍സിയുടെയും മധ്യസ്ഥം ഇല്ലാതെ രൂപയിലും ദിര്‍ഹത്തിലും ഇറക്കുമതിയും കയറ്റുമതിയും സാധ്യമാക്കുന്നതാണ് കറന്‍സി സ്വാപ് കരാര്‍

ദുബായ്: ഇന്ത്യക്കും യുഎഇയ്ക്കും സ്വന്തം കറൻസിയിൽ ഇടപാട് നടത്താവുന്ന സ്വാപ് കരാർ ഉൾപ്പെടെ രണ്ടു സുപ്രധാന കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. സ്വാപ് കരാറില്‍ ഒപ്പിട്ടതോടെ ഇന്ത്യക്കും യുഎഇയ്ക്കും സ്വന്തം കറന്‍സിയില്‍ ഇനി വിനിമയം നടത്താനാകും.

കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജും യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‍യാനും ഇത് സംബന്ധിച്ച ധാരണാ പത്രം കെെമാറി. ഊര്‍ജം, ബഹിരാകാശം, നിക്ഷേപം, സുരക്ഷ, വ്യാപാരം തുടങ്ങിയ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാനും ധാരണയായിട്ടുണ്ട്.

ഡോളര്‍ ഉള്‍പ്പെടെ മറ്റൊരു കറന്‍സിയുടെയും മധ്യസ്ഥം ഇല്ലാതെ രൂപയിലും ദിര്‍ഹത്തിലും ഇറക്കുമതിയും കയറ്റുമതിയും സാധ്യമാക്കുന്നതാണ് കറന്‍സി സ്വാപ് കരാര്‍. അത് കൊണ്ട് തന്നെ വിവിധ സമയങ്ങളില്‍ ഡോളറിനുണ്ടാകുന്ന ഉയര്‍ച്ചയും താഴ്ച്ചയും ഇന്ത്യയും യുഎഇയും തമ്മിലുള്ള വിനിമയത്തെ ബാധിക്കില്ല.

ഇന്ത്യ-യുഎഇ ബന്ധം ദൃഡമാക്കുന്നതിന്‍റെ ഭാഗമായി രൂപരേഖ തയാറാക്കിയതായും സുഷമ സ്വരാജ് പറഞ്ഞു. നരേന്ദ്ര മോദി അധികാരത്തിലെത്തിയാല്‍ മുസ്‍ലിം രാജ്യങ്ങളുമായുള്ള ബന്ധം തകരുമെന്ന് പറഞ്ഞവര്‍ക്ക് നിരാശപ്പെടേണ്ടി വന്നു. ശത്രുരാജ്യങ്ങളുമായി പോലും സൗഹൃദബന്ധം സ്ഥാപിക്കാന്‍ എന്‍ഡിഎ സര്‍ക്കാരിന് സാധിച്ചതായി ഇന്ത്യന്‍ സമൂഹത്തോട് അവര്‍ കൂട്ടിച്ചേര്‍ത്തു.