മനാമ:  കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം ഇന്ത്യയില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് തിരിച്ചു വരാന്‍ ഉടന്‍ സംവിധാനമുണ്ടാകുമെന്ന് ബഹ്റൈനിലെ ഇന്ത്യന്‍ സ്ഥാനപതി പിയൂഷ് ശ്രീ വാസ്തവ. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിയന്ത്രിത സര്‍വീസ് (എയര്‍ ബബിള്‍ സംവിധാനം) സാദ്ധ്യമാക്കാനുളള ചര്‍ച്ച പുരോഗമിക്കുകയാണ്. ഇത് എത്രയും പെട്ടെന്ന് നടപ്പിലാക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം 'ഏഷ്യാനെറ്റ് ഓണ്‍ലൈനി'നോട് പറഞ്ഞു.

യുഎഇയുമായും ഖത്തറുമായും എയര്‍ ബബിളിന് ധാരണയായതിന് പുറകെ ബഹ്റൈനുമായുളള ചര്‍ച്ച പുരോഗമിക്കുകയാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയും ട്വിറ്ററിലൂടെ അറിയിച്ചു. ബഹ്റൈന്‍ ഉള്‍പ്പെടെ 13 രാജ്യങ്ങളുമായി വിമാന സര്‍വീസ് സാദ്ധ്യമാക്കാനുളള ശ്രമത്തിലാണ്. ഇത് ഇന്ത്യയിലും ബഹ്റൈനിലും കുടുങ്ങിയവര്‍ക്ക് പ്രയോജനപ്പെടുമെന്നും മന്ത്രി അറിയിച്ചു. എയര്‍ ബബിളിന് ധാരണയായാല്‍ സന്ദര്‍ശക വിസക്കാരുള്‍പ്പെടെയുളളവര്‍ക്ക് ഇന്ത്യയില്‍ നിന്ന് ബഹ്റൈനിലെത്താനാകും. വിസയുളള പ്രവാസികള്‍ക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് ബഹ്റൈന്‍ ഇതുവരെ വിലക്കേര്‍പ്പെടുത്തിയിട്ടില്ല.

പ്രവാസികളെ തിരികെ കൊണ്ടു പോകാനായി എത്തിയിരുന്ന വന്ദേഭാരത് വിമാനത്തില്‍ ജൂണ്‍ 28 വരെ ഇന്ത്യയില്‍ നിന്ന് പ്രവാസികള്‍ ബഹ്റൈനിലെത്തിയിരുന്നു. മറ്റ് ജി.സി.സി രാജ്യങ്ങളൊന്നും നാട്ടില്‍ നിന്ന് പ്രവാസികളെ കൊണ്ടുവരാന്‍ വന്ദേഭാരത് വിമാനങ്ങള്‍ക്ക് അനുമതി നല്‍കാത്ത സമയത്തായിരുന്നു ഇത്.  ഉയര്‍ന്ന ടിക്കറ്റ് നിരക്കിലാണ് എയര്‍ ഇന്ത്യാ എക്സ്പ്രസ്  പ്രവാസികളെ നാട്ടില്‍ നിന്ന് കൊണ്ടു വന്നിരുന്നത്. ജൂണ്‍ 28 ന് ശേഷം വന്ദേഭാരത് വിമാനത്തില്‍ സാധാരണ യാത്രക്കാരെ കൊണ്ടു വരുന്നതിന് ബഹ്റൈനും വിലക്കേര്‍പ്പെടുത്തി. ഇതോടെ കൊവിഡ് നിയന്ത്രണങ്ങള്‍ വരുന്നതിന് മുമ്പ് നാട്ടില്‍ പോയ ആയിരകണക്കിന് പ്രവാസികള്‍ പ്രതിസന്ധിയിലായി. 

വിസ തീരുന്നവര്‍ക്ക് നാട്ടില്‍ നിന്ന് അത് പുതുക്കാനാവില്ലെന്നതാണ് പ്രവാസികളില്‍ പലരെയും ആശങ്കയിലാക്കുന്നത്. പുതിയ വര്‍ക് പെര്‍മിറ്റിന് അപേക്ഷിക്കുക മാത്രമാണ് പോംവഴി. ബഹ്റൈനില്‍ പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാന്‍ സ്വദേശിയും വിദേശിയുമായി ആരുമില്ലെങ്കിലെ കമ്പനികള്‍ക്ക് നാട്ടില്‍ നിന്ന് ഇപ്പോള്‍ ആളെ കൊണ്ടു വരാന്‍ കഴിയൂ. ഇത്തരം നടപടികളെല്ലാം പൂര്‍ത്തിയാക്കിയാലും 14 ദിവസത്തിന് ശേഷം മാത്രമെ വിസ അനുവദിക്കുകയുളളൂ.

അതേസമയം നാട്ടില്‍ കഴിയുന്ന കുടുംബ വിസയിലുളളവരുടെ കാലാവധി കഴിഞ്ഞിട്ടുണ്ടെങ്കില്‍ അപേക്ഷിച്ചാല്‍ പെട്ടെന്ന് തന്നെ പുതിയ വിസ ലഭിക്കുന്നുണ്ട്. പെട്ടെന്ന് തിരിച്ചെത്തിയില്ലെങ്കില്‍ ജോലി നഷ്ടമാകുന്നവര്‍, കച്ചവടം ചെയ്യുന്നവര്‍, ജോലിയുളള കുടുംബനാഥന്‍ നാട്ടിലായതിനാല്‍ ബുദ്ധിമുട്ടിലായ കുടുംബാംഗങ്ങള്‍ തുടങ്ങിയവരാക്കെ വിമാന സര്‍വീസില്ലാത്തതിനാല്‍ പ്രതിസന്ധിയിലാണ്. ആഗ്സറ്റ് 10ന് കേരള സമാജത്തിന്റെ മൂന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി കിട്ടിയെങ്കിലും പിന്നീട് ഇന്ത്യയില്‍ നിന്ന് മറ്റൊന്നിനും അനുമതി കിട്ടിയിട്ടില്ല. സംഘടനകള്‍ തമ്മിലുളള മത്സരത്തിനും അമിത നിരക്കിനും വഴിയൊരുക്കുന്ന ചാര്‍ട്ടേഡ് വിമാനത്തിന് പകരം എയര്‍ബബിളിലൂടെ എയര്‍ ഇന്ത്യാ എക്സപ്രസിനും ഗള്‍ഫ് എയറിനും സര്‍വീസ് നടത്താന്‍ പറ്റുന്ന സാഹചര്യമുണ്ടാകണമെന്നാണ് സാധാരണക്കാരായ പ്രവാസികളുടെ ആഗ്രഹം.