ദില്ലി: കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ രോഗബാധിതരല്ലാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സഹായിക്കാമെന്ന യുഎഇ അംബാസഡറുടെ നിർദ്ദേശം തത്കാലം സ്വീകരിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ലോക്ക്ഡൗൺ കഴിയുന്നത് വരെ ഗൾഫ് നാടുകളിൽ നിന്ന് പ്രവാസികളെ തിരിച്ചു കൊണ്ടുവരാനാവില്ലെന്ന് വിദേശകാര്യ ഉന്നതവൃത്തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രവാസികളെ തിരികെയെത്തിക്കാന്‍ പ്രത്യേക വിമാനം അയക്കണമെന്ന ആവശ്യവും പ്രായോഗികല്ല. അതേസമയം പ്രവാസികളുടെ പരാതികളില്‍ എംബസി ഇടപെടുമെന്നും ഉന്നത വൃത്തങ്ങൾ അറിയിച്ചു.

രോഗബാധിതരല്ലാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സഹായിക്കാമെന്ന് ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ അഹമ്മദ് അല്‍ ബന്ന ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വ്യക്തമാക്കിയത്. രോഗബാധിതരെ യുഎഇയില്‍ തന്നെ ചികിത്സിക്കാമെന്നും നാട്ടിലേക്ക് മടങ്ങാന്‍ താല്‍പ്പര്യമുള്ള പ്രവാസികള്‍ക്ക് മടങ്ങാന്‍ അവസരമൊരുക്കാമെന്നുമായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. വിദേശികളെ നാട്ടിലെത്തിക്കാനുള്ള സന്നദ്ധത എല്ലാ രാജ്യങ്ങളെയും അറിയിച്ചിട്ടുണ്ടെന്നും അല്‍ ബന്ന പറഞ്ഞു. എന്നാല്‍ ഈ നിര്‍ദേശം തത്കാലം സ്വീകരിക്കാനാവില്ലെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്.