മെയ് 10, 11, 12 തീയതികളിൽ ദോഹയിൽ നിന്ന് ഇന്ത്യയിലെ അമൃത്സർ, പാകിസ്ഥാനിലെ കറാച്ചി, ലാഹോർ, ഇസ്ലാമാബാദ്, മുൾട്ടാൻ, പെഷവാർ, സിയാൽകോട്ട് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് നിർത്തിവച്ചിട്ടുള്ളത്
ദോഹ: ഇന്ത്യ - പാകിസ്ഥാൻ സംഘർഷത്തിൽ വെടി നിർത്തൽ പ്രഖ്യാപിച്ചെങ്കിലും, ഇരുരാജ്യങ്ങളിലേയും നിശ്ചിത എയർപോർട്ടുകളിലേക്ക് ഖത്തർ എയർവേസ് വിമാന സർവീസുകൾ നിർത്തിവെച്ചത് തുടരും. മെയ് 10, 11, 12 തീയതികളിൽ ദോഹയിൽ നിന്ന് ഇന്ത്യയിലെ അമൃത്സർ (ATQ), പാകിസ്ഥാനിലെ കറാച്ചി (KHI), ലാഹോർ (LHE), ഇസ്ലാമാബാദ് (ISB), മുൾട്ടാൻ (MUX), പെഷവാർ (PEW), സിയാൽകോട്ട് (SKT) എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ ആണ് നിർത്തിവച്ചത്. എയർലൈൻ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയുടെ വടക്കൻ, പടിഞ്ഞാറൻ മേഖലകളിലെ 32 വിമാനത്താവളങ്ങൾ മെയ് 15 ന് പുലർച്ചെ 5:29 വരെ അടച്ചിടുമെന്ന് ഇന്ത്യയുടെ വിമാനത്താവള അതോറിറ്റി പ്രഖ്യാപിച്ചു. 2025 മെയ് 11 ഞായറാഴ്ച ഉച്ചയ്ക്ക് 12 മണി വരെ വ്യോമാതിർത്തി പൂർണമായും അടച്ചിടുമെന്ന് പാകിസ്ഥാൻ വ്യോമയാന അതോറിറ്റി അറിയിച്ചിരുന്നു. അതേസമയം, യാത്രക്കാരുടെ സുരക്ഷയാണ് തങ്ങളുടെ പ്രധാന മുൻഗണനയെന്ന് ഖത്തർ എയർവേസ് വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലെ ഇന്ത്യ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിന് പിന്നാലെ തുടങ്ങിയ പ്രകോപനം പാകിസ്ഥാൻ തുടരുകയാണ്. ഇന്ന് രാത്രി വീണ്ടും പ്രകോപനം തുടർന്ന പാകിസ്ഥാൻ ഇന്ത്യയുടെ അതിർത്തി മേഖലയിലെ വിവിധയിടങ്ങളിലേക്ക് ഡ്രോൺ ആക്രമണം നടത്തിയെങ്കിലും എല്ലാം നിഷ്പ്രഭമാക്കി ഇന്ത്യൻ സേന. നിയന്ത്രണരേഖയിലെ ഷെല്ലിങിൽ തുടങ്ങി ബാരാമുള്ള മുതൽ ഗുജറാത്തിലെ ഭുജ് വരെ 26 സ്ഥലങ്ങളിലേക്കുള്ള ഡ്രോൺ ആക്രമണം വരെയെത്തി പാക് പ്രകോപനം. ജമ്മുവിൽ മാത്രം 100 ഡ്രോണുകളെത്തിയെന്നാണ് വിവരം. എല്ലാം ഇന്ത്യൻ സേന തകർത്തു. എന്നാൽ ഫിറോസ്‌പൂരിൽ ജനവാസമേഖലയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്കേറ്റു. ബാരാമുള്ള മുതല് ഭുജ് വരെ പാകിസ്ഥാൻ ആക്രമണ ശ്രമം നടത്തിയെന്ന് സൈന്യം വ്യക്തമാക്കി. ജമ്മു കാശ്മീർ, പഞ്ചാബ്, രാജസ്ഥാന്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് പാക് ഡ്രോണുകൾ എത്തിയത്. ഇതിൽ പഞ്ചാബിലെ ഫിറോസ്‌പൂരിൽ മാത്രമാണ് പാക് ഡ്രോൺ ആക്രമണത്തിൽ അപകടമുണ്ടായത്. മേഖലയിലെ ഒരു വീടിന് മേലെ പതിച്ച ഡ്രോൺ, വലിയ തീപിടിത്തത്തിന് കാരണമായി. ഒരു സ്ത്രീക്ക് ഗുരുതരമായി പൊള്ളലേറ്റു. പരിക്കേറ്റ രണ്ട് പേരുടെ നില സാരമുള്ളതല്ലെന്നാണ് വിവരം.


