ജമ്മുവിലെ നഗ്രോട്ട നഗരത്തിൽ സൈനിക കേന്ദ്രത്തിന് നേരെ ആക്രമണ ശ്രമമുണ്ടായെന്നും സൈനികന് പരിക്കേറ്റെന്നും സ്ഥിരീകരിച്ച് സൈന്യം
ദില്ലി: ജമ്മുവിലെ നഗ്രോട്ട നഗരത്തിൽ സൈനിക കേന്ദ്രത്തിന് നേരെ ആക്രമണ ശ്രമം നടന്നതായി സൈന്യം സ്ഥിരീകരിച്ചു. ഒരു സൈനികന് വെടിയേറ്റതായാണ് സൈന്യം വ്യക്തമാക്കുന്നത്. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. വാർത്താ ഏജൻസിയായ എഎൻഐയാണ് ആദ്യം ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇത് തെറ്റെന്നായിരുന്നു സൈന്യം ആദ്യം പ്രതികരിച്ചത്. പിന്നീട് സൈന്യം ആക്രമണ ശ്രമം നടന്നെന്ന് വ്യക്തമാക്കുകയായിരുന്നു.
സൈനിക ക്യാംപിന് നേരെ ഭീകരാക്രമണം നടന്നെന്നായിരുന്നു ആദ്യം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്. വെടിവയ്പ്പിൽ സൈനികന് പരിക്കേറ്റെന്നും ഇവർ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പിന്നീട് സൈന്യം നിഷേധിച്ചതോടെ വാർത്തയിൽ ഖേദം പ്രകടിപ്പിച്ച് എഎൻഐ വാർത്ത പിൻവലിച്ചു. അതിന് ശേഷം സൈന്യം സംഭവം സ്ഥിരീകരിക്കുകയായിരുന്നു.
സൈനിക ക്യാംപിന് സമീപത്ത് സംശയകരമായ നീക്കം കണ്ട് സൈനികർ വെടിയുതിർത്തുവെന്നും അപ്പോൾ പ്രത്യാക്രമണമുണ്ടായെന്നുമാണ് വിവരം ലഭിക്കുന്നത്. നേരത്തെ ദേശീയ മാധ്യമങ്ങളടക്കം വലിയ പ്രാധാന്യത്തോടെ ഈ വാർത്ത റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് വാർത്ത തെറ്റാണെന്ന വിശദീകരണം വന്നതോടെ ഇത് പിൻവലിച്ചിരുന്നു. ജമ്മുവിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് നഗ്രോട്ടയിലെ സൈനിക ക്യാംപ്. ഇവിടെ തന്നെ എയർ ഫോഴ്സിൻ്റെയും ക്യാംപ് പ്രവർത്തിക്കുന്നുണ്ട്.



