Asianet News MalayalamAsianet News Malayalam

എക്‌സ്‌പോ 2020: ഇന്ത്യന്‍ പവലിയനില്‍ സന്ദര്‍ശകരുടെ എണ്ണം രണ്ട് ലക്ഷം പിന്നിട്ടു

ഇന്ത്യയുടെ പാരമ്പര്യവും പുരോഗതിയും സമന്വയിപ്പിക്കുന്ന പവലിയനില്‍ നിരവധി നിക്ഷേപ സാധ്യതകള്‍ക്കുള്ള വേദിയും ഒരുക്കിയിട്ടുണ്ട്. സന്ദര്‍ശകരെ ആകര്‍ഷിക്കാനായി വിവിധ സാംസ്‌കാരിക പരിപാടികളും പവലിയനില്‍ അരങ്ങേറി.

India Pavilion at Expo 2020  crosses two lakh visitors
Author
Dubai - United Arab Emirates, First Published Nov 5, 2021, 3:45 PM IST

ദുബൈ: എക്‌സ്‌പോ 2020 ദുബൈയില്‍(Expo 2020 Dubai) ശ്രദ്ധേയമായി ഇന്ത്യന്‍ പവലിയന്‍(India Pavilion). രണ്ട് ലക്ഷത്തിലേറെ സന്ദര്‍ശകരാണ്  ഇന്ത്യന്‍ പവലിയനിലെത്തിയത്. നവംബര്‍ മൂന്ന് വരെയുള്ള കണക്കാണ് അധികൃതര്‍ പുറത്തുവിട്ടത്. എക്‌സ്‌പോയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിച്ച പവലിയനുകളില്‍ ഒന്നാണ് ഇന്ത്യയുടേത്.  

ഇന്ത്യയുടെ പാരമ്പര്യവും പുരോഗതിയും സമന്വയിപ്പിക്കുന്ന പവലിയനില്‍ നിരവധി നിക്ഷേപ സാധ്യതകള്‍ക്കുള്ള വേദിയും ഒരുക്കിയിട്ടുണ്ട്. സന്ദര്‍ശകരെ ആകര്‍ഷിക്കാനായി വിവിധ സാംസ്‌കാരിക പരിപാടികളും പവലിയനില്‍ അരങ്ങേറി. ഒക്ടോബര്‍ മാസം ഇന്ത്യന്‍ പവലിയനെ സംബന്ധിച്ചിടത്തോളം വലിയ വിജയമായിരുന്നെന്നും സന്ദര്‍ശകരുടെ എണ്ണം വരും മാസങ്ങളിലും ഇതേപോലെ തന്നെ ഉയരുമെന്നാണ് പ്രതീക്ഷയെന്നും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലും എക്‌സ്‌പോ 2020 ദുബൈയിലെ ഇന്ത്യയുടെ ഡെപ്യൂട്ടി കമ്മീഷണര്‍ ജനറലുമായ ഡോ. അമന്‍ പുരി പറഞ്ഞു. സഹകരണത്തിനും നിക്ഷേപത്തിനുമായി കൂടുതല്‍ അവസരങ്ങള്‍ക്ക് ഇന്ത്യന്‍ പവലിയന്‍ വേദിയാകുമെന്നും ഇന്ത്യയുടെ ആഘോഷങ്ങള്‍, ഭക്ഷണം, സാംസ്‌കാരിക പ്രകടനങ്ങള്‍ എന്നിവ ആഗോള സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതില്‍ നിര്‍ണായമായതായി അദ്ദേഹം പറഞ്ഞു.

എക്‌സ്‌പോ 2020: ഒരു മാസത്തിനിടെ 23.5 ലക്ഷം സന്ദര്‍ശകര്‍

കാലാവസ്ഥ, ജൈവവൈവിധ്യ വാരമായ ഒക്ടോബര്‍ മൂന്ന് മുതല്‍ 9 വരെ ഇന്ത്യയുടെ പുനരുപയോഗിക്കാവുന്ന ഊര്‍ജ ലക്ഷ്യങ്ങളും കാലാവസ്ഥാ ആക്ഷന്‍ പ്ലാനും വിവിധ സെഷനുകളിലായി ലോകത്തിന് മുമ്പില്‍ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ വന്ന ബഹിരാകാശ, നാഗരിക, ഗ്രാമീണ വികസ വാരങ്ങളിലും വിവിധ മേഖലകളിലെ ഭാവിയും പ്രശ്‌നങ്ങളും വെല്ലുവിളികളും പവലിയനില്‍ ചര്‍ച്ചയായിരുന്നു. ഇതിന് പുറമെ ഗുജറാത്തിനും കര്‍ണാടകയ്ക്കും ലഡാക്കിനും വേണ്ടി പ്രത്യേക വാരങ്ങളും ഇന്ത്യന്‍ പവലിയനില്‍ ക്രമീകരിച്ചിരുന്നു. 

എക്‌സ്‌പോ 2020: ഇന്ത്യന്‍ പവലിയനില്‍ 25 ദിവസത്തിനിടെ ഒന്നേകാല്‍ ലക്ഷത്തിലേറെ സന്ദര്‍ശകര്‍

അറുന്നൂറോളം ബ്ലോക്കുകളിലായി ഇന്ത്യയുടെ വൈവിധ്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് പവലിയന്റെ ബാഹ്യരൂപകല്‍പ്പന. രണ്ട് ഭാഗങ്ങളിലായി തിരിച്ചിട്ടുള്ള പവലിയനില്‍ 11 പ്രമേയങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രദര്‍ശന പരിപാടികള്‍ നടക്കുക. കാലാവസ്ഥയും ജൈവവൈവിധ്യവും, ബഹിരാകാശം, നാഗരിക, ഗ്രാമീണ വികസനം, സഹിഷ്ണുതയും ഉള്‍ക്കൊള്ളലും, സുവര്‍ണ ജൂബിലി, അറിവും പഠനവും, ആരോഗ്യം, ഭക്ഷണം, കൃഷിയും ഉപജീവനമാര്‍ഗങ്ങളും, ജലം എന്നിവ ഉള്‍പ്പെടുന്നതാണ് വിവിധ പ്രമേയങ്ങള്‍.

ഇന്ത്യ ഊന്നല്‍ നല്‍കുന്ന ഐ ടി, സ്റ്റാര്‍ട്ടപ്പുകള്‍ അടങ്ങുന്ന 'ഇന്ത്യന്‍ ഇന്നൊവേഷന്‍ ഹബ്' പവലിയനിലെ മറ്റൊരു ആകര്‍ഷണമാണ്. പൗരാണിക ഇന്ത്യയും സാംസ്‌കാരിക തനിമയും പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം ഇന്ത്യയുടെ ബഹിരാകാശ മുന്നേറ്റങ്ങളും ഭാവിയും പുരോഗതിയും ഇന്ത്യന്‍ പവലിയനില്‍ പ്രതിഫലിപ്പിക്കുന്നു. യോഗ, ആയുര്‍വേദം, സാഹിത്യം, കല, പൈതൃകം, വിനോദസഞ്ചാര മേഖല, ബഹിരാകാശ സാങ്കേതിക വിദ്യ എന്നിവയുമായി ബന്ധപ്പെട്ട വൈവിധ്യമാര്‍ന്ന കാഴ്ചകളാണ് പവലിയനില്‍ ഒരുക്കിയിട്ടുള്ളത്. കളരിപ്പയറ്റ് ഉള്‍പ്പെടെ കേരളത്തിന്റെ തനത് കലകളും കാഴ്ചക്കാരെ ആകര്‍ഷിക്കുന്നു. പൈതൃക പട്ടികയില്‍ ഇടം നേടിയ ഇന്ത്യയിലെ നിര്‍മ്മിതികളെ കുറിച്ചുള്ള വിവരണങ്ങളും പവലിയനില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 


 

Follow Us:
Download App:
  • android
  • ios