Asianet News MalayalamAsianet News Malayalam

സൗദി പൗരന്മാർക്ക്​ വിസ നടപടികൾ ലളിതമാക്കി​ ഇന്ത്യ

ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സൗദി പൗരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയ ഇ-വിസ സേവനമാണ് കൂടുതല്‍ എളുപ്പമാക്കിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ഇന്ത്യാ സന്ദര്‍ശന വേളയിലുണ്ടായ തീരുമാനപ്രകാരമാണ്​ ഓൺലൈൻ​ വിസ (ഇ-വിസ) സംവിധാനം ഇന്ത്യ ഏര്‍പ്പെടുത്തിയത്.

india relaxes visa rules for saudi citizens
Author
India, First Published Jan 29, 2020, 4:25 PM IST

റിയാദ്​: സൗദി അറേബ്യന്‍ പൗരന്മാർക്ക്​ ഇന്ത്യ സന്ദര്‍ശിക്കുന്നതിനുള്ള വിസാനടപടികള്‍ എളുപ്പമാക്കി ഇന്ത്യന്‍ സര്‍ക്കാര്‍. വിനോദ സഞ്ചാരത്തിനും ചികിത്സക്കും ബിസിനസ്​ ആവശ്യത്തിനും പോകുന്നതിനുള്ള വിസകളിന്മേലുള്ള നടപടികളാണ് ലഘൂകരിച്ചത്. മള്‍ട്ടി എന്‍ട്രി ടൂറിസ്​റ്റ്​ വിസകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ചാര്‍ജും പകുതിയായി കുറച്ചിട്ടുണ്ട്.

വിസകളുടെ കാലദൈര്‍ഘ്യവും വര്‍ധിപ്പിച്ചു. ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സൗദി പൗരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയ ഇ-വിസ സേവനമാണ് കൂടുതല്‍ എളുപ്പമാക്കിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ഇന്ത്യാ സന്ദര്‍ശന വേളയിലുണ്ടായ തീരുമാനപ്രകാരമാണ്​ ഓൺലൈൻ​ വിസ (ഇ-വിസ) സംവിധാനം ഇന്ത്യ ഏര്‍പ്പെടുത്തിയത്. ഇതോടെ ടൂറിസ്​റ്റ്​, ബിസിനസ്, മെഡിക്കല്‍, കോണ്‍ഫറന്‍സ് ആവശ്യങ്ങള്‍ക്ക്​ ഇന്ത്യയിൽ പോകാൻ ഓണ്‍ലൈന്‍ വഴി വിസയ്​ക്ക്​ അപേക്ഷിക്കാനും നേടാനും സൗദി പൗരന്മാര്‍ക്ക് അവസരം തുറന്നുകിട്ടി. ഇത് കൂടുതല്‍ എളുപ്പമാക്കാനും കൂടുതൽ സൗഹൃദപരമാക്കാനുമാണ്​​ വിസാ ഫീസ് കുറച്ചും ഇന്ത്യയിൽ തങ്ങാനുള്ള കാലദൈർഘ്യം വർധിപ്പിച്ചും പുതിയ ഉത്തരവുണ്ടായിരിക്കുന്നത്​.

മള്‍ട്ടി എന്‍ട്രിയോടുകൂടിയ ഹ്രസ്വകാല ടൂറിസ്​റ്റ്​ വിസ ഒരു മാസത്തേക്ക്​ 25 ഡോളറാണ് പുതുക്കിയ നിരക്ക്. അതേസമയം ഏപ്രില്‍ മുതല്‍ ജൂൺ വരെയുള്ള പ്രത്യേക കാലയളവിലാണെങ്കില്‍ 10 ഡോളര്‍ മാത്രം നൽകിയാൽ മതി. ഒരു വര്‍ഷത്തേക്കുള്ള മല്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്​റ്റ്​ വിസയുടെ ഫീസ് 80 ഡോളറില്‍ നിന്ന് 40 ഡോളറായും കുറച്ചു. 80 ഡോളര്‍ നല്‍കിയാല്‍ അഞ്ച് വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്​റ്റ്​ വിസയും ഇനി അനുവദിക്കും.

ബിസിനസ്, മെഡിക്കല്‍, കോണ്‍ഫറന്‍സ് വിസകളുടെയും കാലദൈര്‍ഘ്യം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന്​ നാല് ദിവസം മുമ്പ് അപേക്ഷ നല്‍കിയാലും ഇനി വിസ ലഭിക്കും. ഓൺലൈൻ വിസക്ക് പുറമെ എംബസി വഴിയുള്ള കടലാസ്​ വിസകള്‍ അനുവദിക്കുന്നത് തുടരും. ഇത് അനുവദിക്കുന്നതിനുള്ള കാലതാമസം പരമാവധി രണ്ട് പ്രവൃത്തി ദിനങ്ങളായി പരിമിതപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 19,116 ഓൺലൈൻ വിസകളും 18,598 കടലാസ്​ വിസകളുമാണ് സൗദി പൗരന്മാർക്ക്​ ഇന്ത്യ അനുവദിച്ചത്.
 

Follow Us:
Download App:
  • android
  • ios